Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഏറ്റവും കൂടുതല്‍ ബാലവിവാഹം നടക്കുന്ന സംസ്ഥാനമായി കേരളം
reporter

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ബാലവിവാഹങ്ങള്‍ നടന്ന സംസ്ഥാനമായി കേരളം. വനിതാ ശിശു വികസന വകുപ്പിന്റെ (ഡബ്ല്യുസിഡി) കണക്ക് പ്രകാരം 2025 ജനുവരി 15 വരെ 18 ബാലവിവാഹങ്ങള്‍ നടന്നിട്ടുണ്ട്. 2023-24 ല്‍ 14 ഉം 2022-23 ല്‍ 12 ഉം ആയിരുന്നു ഇത്. ഈ വര്‍ഷം 18 കേസുകളില്‍ 10 എണ്ണം തൃശൂരാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറത്ത് മൂന്ന് കേസുകളും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളില്‍ ഓരോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാലവിവാഹങ്ങള്‍ തടഞ്ഞതിന്റെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. 2022-23-ല്‍, ഉദ്യോഗസ്ഥര്‍ 108 ആസൂത്രിത ശൈശവ വിവാഹങ്ങള്‍ തടഞ്ഞു. 2023-24 ല്‍ ഇത് 52 ആയി കുറയുകയാണ് ചെയ്തത്. ഈ വര്‍ഷം 48 ബാലവിവാഹങ്ങള്‍ മാത്രമാണ് തടയാന്‍ കഴിഞ്ഞത്. ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 2500 രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന സംസ്ഥാനത്തിന്റെ 'പൊന്‍വാക്ക്' പദ്ധതി പ്രകാരം 2022- 2023ല്‍ എട്ട് കേസുകളും 2023-24ല്‍ ഏഴ് കേസുകളും ഈ വര്‍ഷം ഇതുവരെ 10 കേസുകളും തടഞ്ഞു.

ഇത്തരം കേസുകള്‍ നിരീക്ഷിക്കുകയും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതുമാണ് കേസുകളുടെ വര്‍ധനവ് കാണിക്കുന്നതെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. കേസുകള്‍ വര്‍ധിച്ച സ്ഥലങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിനായി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രതിരോധ ശ്രമങ്ങളും നടക്കുന്നുണ്ട്. ശൈശവ വിവാഹത്തിലുള്ള ഈ വര്‍ധനവിന്റെ മൂല കാരണങ്ങള്‍ മനസിലാക്കാന്‍ കേരള സര്‍വകലാശാലയിലെ ജനസംഖ്യാ ശാസ്ത്ര വകുപ്പുമായി ഏകോപിപ്പിച്ച് വിശദമായ പഠനം നടക്കുന്നുവെന്നും ഡബ്ല്യുസിഡി ഉദ്യോഗസ്ഥര്‍ പറയുന്നു.

2022-23 ല്‍ പാലക്കാടും മലപ്പുറത്തുമാണ് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടന്നത്. ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 കേസുകളില്‍ 11 എണ്ണവും ഈ രണ്ട് ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2023-24ല്‍ മലപ്പുറത്തും 4ഉം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 6 വീതം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വര്‍ഷം സംസ്ഥാനത്തെ മൊത്തം കണക്കെടുത്താല്‍ പകുതിയിലധികവും തൃശൂര്‍ ജില്ലയില്‍ മാത്രമാണ് രേഖപ്പെടുത്തിയത്. മലപ്പുറം ജില്ലയില്‍ ബാലവിവാഹങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഇവിടെ ഫലം കണ്ടുവെന്നാണ് ഈ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022-23-ല്‍ 56 ബാലവിവാഹങ്ങളാണ് മലപ്പുറത്ത് തടയാന്‍ കഴിഞ്ഞതെങ്കില്‍ 2023-24 ആയപ്പോള്‍ 21ഉം ഈ വര്‍ഷം ഇതുവരെ 17 എന്ന കണക്കിലേയ്ക്കും എത്തി. 2024-25-ല്‍ ഇടുക്കിയും വേറിട്ടുനില്‍ക്കുന്നു. ഇടുക്കിയില്‍ ഈ വര്‍ഷം എട്ട് ബാലവിവാഹങ്ങള്‍ തടഞ്ഞു. എന്നാല്‍ തൃശൂരില്‍ ഈ വര്‍ഷം മൂന്ന് കേസുകള്‍ മാത്രമാണ് തടയാന്‍ കഴിഞ്ഞത്.

വീടുകളിലെ സാമ്പത്തിക അസ്ഥിരത, ചില ഗ്രാമീണ മേഖലകളില്‍ ശൈശവ വിവാഹത്തിന് നിലനില്‍ക്കുന്ന സാമൂഹിക സ്വീകാര്യത എന്നിവയാണ് ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കാനുള്ള കാരണങ്ങളെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബോധവല്‍ക്കരണ ക്യാംപെയിനുകള്‍ ഉണ്ടെങ്കിലും മധ്യവര്‍ഗക്കാര്‍ക്കിടയില്‍പ്പോലും സ്ത്രീകളെ ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വീട്ടുജോലികളില്‍ ഒതുക്കി നിര്‍ത്തുന്ന പ്രവണതയുണ്ട്. ഈ മനോഭാവമാണ് ശൈശവ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയിലേയ്ക്കെത്തിക്കുന്നത്. കാലഹരണപ്പെട്ട മതപരമായ ആചാരങ്ങളുടെ സ്വാധീനം, കൃത്യമായ രാഷ്ട്രീയ അവബോധമില്ലായ്മ എന്നിവയും കാരണമാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രക്ഷാകര്‍തൃ ശൈലി, സോഷ്യല്‍ മീഡിയ സ്വാധീനം എന്നിവയും കാരണമാകാമെന്ന് സാമൂഹിക പ്രവര്‍ത്തകയും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ മുന്‍ അംഗവുമായ ജെ സന്ധ്യ പറയുന്നു. സാഷ്യല്‍ മീഡിയയ്ക്ക് പലപ്പോഴും ചൂഷണാത്മകമായ ഒരു വശമുണ്ട്. അതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window