തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിലപാട് കടുപ്പിച്ചു. വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണുണ്ടായതെന്ന് ആരോപിച്ച മന്ത്രി, സ്‌കൂള്‍ അധികൃതര്‍ സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കുന്ന പ്രകോപനപരമായ നടപടികളില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു.
'സര്‍ക്കാരിന് മുകളില്‍ ആരും അല്ല. ഒരു അവസരം കിട്ടിയപ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും മാനേജരും പിടിഎ പ്രസിഡന്റും ചേര്‍ന്ന് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശ്രമിച്ചു. ഇത് വെല്ലുവിളിയാണ്. വെല്ലുവിളിയൊന്നും വേണ്ട, നിയമം അതിന്റെ വഴിയിലൂടെ മുന്നോട്ട് പോകും,' മന്ത്രി പറഞ്ഞു.
മന്ത്രിയുടെ നിലപാട് മാറ്റത്തിന് പിന്നില്‍ സഭയും മാനേജ്മെന്റും
ഇന്നലെ പ്രശ്നങ്ങള്‍ അവസാനിച്ചതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെ കത്തോലിക്ക സഭയും സ്‌കൂള്‍ മാനേജ്മെന്റും ശക്തമായി പ്രതികരിച്ചതോടെയാണ് മന്ത്രി നിലപാട് കടുപ്പിച്ചത്. 'സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുമ്പോഴാണ് നിലപാട് വ്യക്തമാക്കേണ്ടത്,' മന്ത്രി വ്യക്തമാക്കി.
പരാതിയും അന്വേഷണവും; രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാട്ടി വിമര്‍ശനം
ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥിനിയെ ക്ലാസില്‍ പ്രവേശിപ്പിച്ചില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി, റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി മന്ത്രി പറഞ്ഞു. 'ഇത് സാധാരണ നടപടിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ടത് വിഷയത്തെ യഥാര്‍ഥ തലത്തില്‍ നിന്ന് മാറ്റി ചര്‍ച്ച ചെയ്യാനുള്ള ശ്രമമാണ്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കപ്പുറം സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു ലക്ഷ്യം,' മന്ത്രി ആരോപിച്ചു.
സ്‌കൂളിന് വേണ്ടി സംസാരിച്ച അഭിഭാഷകയ്ക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നും, രാഷ്ട്രീയ വര്‍ഗീയ വിഭജനം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 'നിയമം അതിന്റെ വഴിയിലൂടെ പോകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.