തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലാണ് സ്വര്‍ണക്കൊള്ളയുടെ തുടക്കമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി സൂചന. കട്ടിളപ്പാളിയിലെ സ്വര്‍ണം പൂശലില്‍ തനിക്ക് ലാഭമൊന്നുമുണ്ടായില്ലെന്നും, ദേവസ്വം ഉദ്യോഗസ്ഥരാണ് ചെമ്പെന്ന് രേഖപ്പെടുത്താമെന്ന ആശയം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഈ മാസം 30 വരെ എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടതായി റാന്നി കോടതി ഉത്തരവിട്ടു. കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡി ആവശ്യപ്പെട്ട് എസ്ഐടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു കോടതിയിലെ നടപടികള്‍.
സ്വര്‍ണം അടിച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെയല്ല കട്ടിളപ്പാളി സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി. കട്ടിളപ്പാളിയെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ഭക്തി വില്‍പ്പനച്ചരക്കായി ഉപയോഗിച്ച് സാമ്പത്തിക നേട്ടം നേടാനായിരുന്നു ലക്ഷ്യം. എന്നാല്‍ വലിയ സാമ്പത്തിക നഷ്ടം നേരിട്ടതായും, ഇത് ദേവസ്വം ഉദ്യോഗസ്ഥരെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് ദ്വാരപാലക ശില്പങ്ങളിലും സ്വര്‍ണം പൂശല്‍ ആലോചിക്കപ്പെട്ടത്.
സ്വര്‍ണക്കവര്‍ച്ച വലിയ ഗൂഢാലോചനയോടെയാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തോട് പറഞ്ഞു. താനൊറ്റയ്ക്കല്ല, ദേവസ്വം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വലിയ സംഘം ഇതില്‍ പങ്കാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നതെന്നും, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ബാക്കി വന്ന സ്വര്‍ണം കല്‍പേഷ് വഴിയാണ് താന്‍ സ്വീകരിച്ചതെന്നും അദ്ദേഹം മൊഴി നല്‍കി.
ദേവസ്വം ഉദ്യോഗസ്ഥര്‍ക്കൊപ്പം ഭരണസമിതിയുടെയും പങ്ക് ഉണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കെല്ലാം താന്‍ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ശബരിമലയില്‍ സ്പോണ്‍സറായി എത്തിയതുമുതല്‍ ഗൂഢാലോചന ആരംഭിച്ചതായും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്ക് ഉള്‍പ്പെടെ, സ്വര്‍ണപ്പാളി ആര്‍ക്കെല്ലാം കൈമാറി, എത്ര സ്വര്‍ണം നഷ്ടപ്പെട്ടു, ആരൊക്കെ തട്ടിപ്പില്‍ പങ്കാളികളായി തുടങ്ങിയ കാര്യങ്ങള്‍ എസ്ഐടി അന്വേഷിച്ചു വരികയാണ്.