|
സമ്പൂര്‍ണ്ണ ഖേദപ്രകടനം ഉണ്ടായില്ലെങ്കില്‍ വന്‍ തുക നഷ്ടപരിഹാരം തേടുമെന്ന് യുഎസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ബിബിസി സമ്പൂര്‍ണ്ണ മാപ്പ് അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ഉണ്ടായില്ലെങ്കില്‍ 760 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം തേടി കോര്‍പ്പറേഷനെ കോടതി കയറ്റുമെന്നാണ് ട്രംപിന്റെ ഭീഷണി. ഈ ആഴ്ചാവസാനത്തോടെ ഇത് ഉണ്ടാകണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ കോടതിയില്‍ കാണാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പനോരമ വീഡിയോക്കായി പല ഭാഗങ്ങള്‍ വെട്ടിക്കയറ്റി തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമായതോടെ ബിബിസി ചെയര്‍മാന്‍ സമീര്‍ ഷാ ഖേദപ്രകടനം നടത്തിയതിന് പിന്നാലെയാണ് ലീഗല്‍ ലെറ്റര്‍ എത്തിയത്. നിരവധി തെറ്റുകള്‍ പറ്റിയതായി വ്യക്തമായതോടെ ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും, ന്യൂസ് മേധാവി ഡിബോറാ ടര്‍ണസും രാജിവെച്ചിരുന്നു.
ബ്രിട്ടന്റെ ദേശീയ ബ്രോഡ്കാസ്റ്റര്‍ തന്നെ ഇത്തരമൊരു വാര്‍ത്ത കെട്ടിച്ചമച്ചതായി വ്യക്തമായത് ബ്രിട്ടീഷ് ഗവണ്‍മെന്റിന് തിരിച്ചടിയാണ്. പ്രത്യേകിച്ച് ട്രംപുമായി ഒരു വിധത്തില്‍ മെച്ചപ്പെട്ട ബന്ധം പിടിച്ചുനിര്‍ത്തുന്ന കീര്‍ സ്റ്റാര്‍മര്‍ക്ക് ഇത് സമ്മര്‍ദം വര്‍ദ്ധിപ്പിക്കും. മുന്‍ എഡിറ്റോറിയല്‍ സ്റ്റാന്‍ഡേര്‍ഡ്സ് കമ്മിറ്റി ഉപദേശകന്‍ മൈക്കിള്‍ പ്രെസ്‌കോട്ടാണ് ബിബിസിയുടെ ഏകപക്ഷീയ നിലപാടുകള്‍ പുറത്തറിയിച്ചത്.
ജൂണ്‍ 6ന് ട്രംപ് നടത്തിയ പ്രസംഗമാണ് ദൃശ്യങ്ങളില്‍ മാറ്റം വരുത്തി ബിബിസി ഉപയോഗിച്ചത്. തുടര്‍ന്ന് വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് ട്രംപ് രംഗത്തെത്തി.
പ്രമുഖ യുകെ നേതാക്കള്‍ ഉള്‍പ്പെടെ ബിബിസിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ മാപ്പപേക്ഷയിലും രാജിയിലും ഒതുങ്ങില്ല കാര്യങ്ങളെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. |