ലണ്ടന്‍: വിന്ററിലെ കടുത്ത സമ്മര്‍ദ്ദം നേരിടാന്‍ തയ്യാറെടുക്കുന്നതിനിടെ തന്നെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) പ്രതിസന്ധിയിലായിരിക്കുകയാണ്. വിന്ററില്‍ മാത്രം പ്രതീക്ഷിക്കുന്ന ഇടനാഴികളിലെ ചികിത്സ, ഈ വര്‍ഷം സമ്മറിലും പതിവായി തുടരുകയാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജൂലൈ മുതല്‍ ആഗസ്റ്റ് വരെ ഇംഗ്ലണ്ടിലെ 58 ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ വിവരങ്ങള്‍ പ്രകാരം, എമര്‍ജന്‍സി വിഭാഗത്തിലെ രോഗികളില്‍ അഞ്ചിലൊന്ന് പേരും ഇടനാഴികളിലാണ് ചികിത്സ ലഭിച്ചത്. ആശുപത്രി ബെഡുകള്‍ ലഭിക്കാനുള്ള കാലതാമസമാണ് രോഗികളെ അപകടത്തിലാക്കുന്നതെന്ന് 78% ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു.
ബെഡ് ലഭിക്കാതെ മണിക്കൂറുകള്‍ കാത്തിരിപ്പ്
വാര്‍ഡ് ബെഡുകള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് മൂലം രോഗികളെ പ്രവേശിപ്പിക്കാന്‍ നിരവധി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകള്‍ ദൈര്‍ഘ്യമേറിയ ബുദ്ധിമുട്ടിപ്പിക്കല്‍ നടക്കുന്ന ഇടങ്ങളായി മാറിയിരിക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ചൂണ്ടിക്കാട്ടുന്നു.
ഇടനാഴി, കബോര്‍ഡ്, ബാത്ത്റൂം വരെ ചികിത്സ; 'കോറിഡോര്‍ നഴ്സ്' തസ്തികയും
രോഗികളെ ഇടനാഴികളിലും, കബോര്‍ഡുകളിലും, ബാത്ത്റൂമുകളിലും വരെ ചികിത്സിക്കേണ്ടി വരുന്ന അവസ്ഥ അവസാനിപ്പിക്കാന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റും ആശുപത്രി മേധാവികളും നടത്തുന്ന ശ്രമങ്ങള്‍ ഫലപ്രദമാകുന്നില്ല. ജനുവരി മാസത്തില്‍ ലണ്ടനിലെ ഒരു ആശുപത്രി 'കോറിഡോര്‍ നഴ്സ്' എന്ന പുതിയ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ തേടിയതും ഈ പ്രതിസന്ധിയുടെ ഗുരുത്വം വ്യക്തമാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.