വെയില്‍സ്: ബ്രിട്ടനിലെ 'റിമെംബറന്‍സ് സണ്‍ഡേ' സൈനിക അനുസ്മരണ ചടങ്ങില്‍ വ്യാജ അഡ്മിറലായി പ്രത്യക്ഷപ്പെട്ട 64 വയസ്സുകാരന്‍ അറസ്റ്റില്‍. വെയില്‍സിലെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങിനിടെ, 12 മെഡലുകള്‍ അലങ്കരിച്ച നാവിക യൂണിഫോം ധരിച്ചെത്തിയ ജോണാഥന്‍ കാര്‍ലിയാണ് 'വ്യാജ അഡ്മിറല്‍' ആയി ശ്രദ്ധ നേടിയത്.
ചടങ്ങില്‍ സജീവമായി പങ്കെടുത്ത ജോനാഥന്‍ യുദ്ധസ്മാരകത്തെ അഭിവാദ്യം ചെയ്‌തെങ്കിലും, അനുമതിയില്ലാതെ സൈനിക ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചതിനെ 'വിമുക്തഭടന്മാരെ അപമാനിക്കല്‍' എന്ന് റോയല്‍ നേവി പ്രതികരിച്ചു. സംശയം ഉയര്‍ന്നത് അദ്ദേഹം ധരിച്ച മെഡലുകളിലൂടെയാണ്.
കാല്‍നടപ്പടയാക്രമണ ഉദ്യോഗസ്ഥര്‍ക്കു സാധാരണയായി നല്‍കുന്ന ഡിസ്റ്റിംഗ്വിഷ്ഡ് സര്‍വീസ് ഓര്‍ഡര്‍ (DSO) മെഡല്‍ ജോനാഥന്‍ ധരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി റോയല്‍ നേവി ഉദ്യോഗസ്ഥര്‍ക്കു ഈ ബഹുമതി നല്‍കിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ വ്യാജവേഷം പുറത്തുകൊണ്ടുവന്നു.
സംഭവം പൊതുജനങ്ങളില്‍ ശക്തമായ പ്രതികരണം സൃഷ്ടിച്ചതോടെ, റിപ്പോര്‍ട്ടുകള്‍ ലഭിച്ച നോര്‍ത്ത് വെയില്‍സ് പൊലീസ് ഉടന്‍ നടപടി സ്വീകരിച്ച് ജോനാഥനെ അറസ്റ്റ് ചെയ്തു.
''ഈ സംഭവം പൊതുജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കിയതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. ജനങ്ങളുടെ ആശങ്കകളോട് ഉദ്യോഗസ്ഥര്‍ അതിവേഗം പ്രതികരിച്ചു. പ്രതിയെ പിടികൂടിയിട്ടുണ്ട്'' - ചീഫ് ഇന്‍സ്‌പെക്ടര്‍ ട്രിസ്റ്റന്‍ ബെവന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അനുമതിയില്ലാതെ യൂണിഫോം ധരിച്ചതിനാണ് ജോനാഥന്‍ കാര്‍ലിക്കെതിരെ പൊലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതിയെ ഡിസംബര്‍ 11 വ്യാഴാഴ്ച കേര്‍ണാര്‍ഫോണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.