തിരുവനന്തപുരം: കേരളത്തിന്റെ തനതായ ആയോധന കലാരൂപമായ കളരിപ്പയറ്റ് ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് ബ്രിട്ടനില്‍ നിന്നുള്ള യാത്രാ വ്‌ലോഗര്‍ ഡിയന്ന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവര്‍ പ്രകടനത്തെക്കുറിച്ചുള്ള അത്ഭുതം പങ്കുവെച്ചത്. വീഡിയോ അതിവേഗം ശ്രദ്ധനേടി.
''കേരളത്തില്‍ വരികയാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും കാണാതെ പോകരുത് - കളരിപ്പയറ്റ് (പുരാതന ഇന്ത്യന്‍ ആയോധന കലാരൂപം)'' എന്ന കുറിപ്പോടെയാണ് ഡിയന്ന വീഡിയോ പങ്കുവെച്ചത്. മുന്‍ കേരള സന്ദര്‍ശനത്തില്‍ ഇത് കാണാതെ പോയതിലുള്ള സങ്കടവും അവര്‍ തുറന്നു പറഞ്ഞു.
പ്രകടനം തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ സീറ്റില്‍ പിടിച്ചിരുത്തിയെന്നും, യുവാക്കളുടെ കഴിവ് അതിവിദഗ്ദ്ധമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ''ചില ഭാഗങ്ങള്‍ വിരലിനിടയിലൂടെയാണ് കണ്ടത്. ക്ലൈമാക്‌സ് ഞെട്ടിച്ചു. തീ പുറത്തെടുത്തപ്പോള്‍ വിശ്വസിക്കാനായില്ല'' - എന്ന് ഡിയന്ന വിസ്മയം പങ്കുവെച്ചു.
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ആയോധന കലാരൂപങ്ങളില്‍ ഒന്നായ കളരിപ്പയറ്റ്, ഏകദേശം 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. വേഗതയേറിയ ചലനങ്ങള്‍, ആയുധ പ്രയോഗങ്ങള്‍, മനോഹരമായ മെയ്വഴക്കം എന്നിവയ്ക്കാണ് ഇതിന് പ്രശസ്തി. ശാരീരിക ശക്തിയും ആത്മീയ അച്ചടക്കവും സംയോജിപ്പിക്കുന്ന കലാരൂപമായ കളരിപ്പയറ്റ്, ലോകത്തിലെ എല്ലാ ആയോധനകലകളുടെയും 'മാതാവ്' എന്ന നിലയില്‍ അറിയപ്പെടുന്നു.