ലണ്ടന്‍: ബ്രിട്ടനിലെ ബജറ്റില്‍ ഇന്‍കം ടാക്സ് വര്‍ധിപ്പിക്കാനുള്ള നീക്കം ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച് ലേബര്‍ പാര്‍ട്ടി ഇത്തരമൊരു നീക്കം നടത്തുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വന്തം എംപിമാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി തള്ളിയത്.
ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ട്രഷറി ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയെ (OBR) ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്ന റീവ്സിന് ഇത് വലിയ വെല്ലുവിളിയാകും. ഈ മാസം ആദ്യം ഒബിആറിന് അയച്ച സാമ്പത്തിക പ്രഖ്യാപനങ്ങള്‍ തിരുത്തി എഴുതിയതായും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ, ഗാംബ്ലിംഗ് നികുതി, വിലയേറിയ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഉയര്‍ന്ന നികുതി തുടങ്ങിയ മറ്റ് മാര്‍ഗങ്ങളിലൂടെ ഖജനാവിലേക്ക് വരുമാനം കണ്ടെത്തേണ്ടി വരും. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നേതൃസ്ഥാനത്തേക്കും ഈ നീക്കങ്ങള്‍ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ടോറി നേതാവ് കെമി ബാഡെനോക് പ്രതികരിച്ചത്, ''ഇത്തരമൊരു മാറ്റം നല്ല കാര്യമാണ്. എന്നാല്‍, ഒരു മാറ്റം കൊണ്ട് മാത്രം കാര്യങ്ങള്‍ മെച്ചപ്പെടില്ല. ജോലി, ബിസിനസ്, വീട്, പെന്‍ഷന്‍ എന്നിവയില്‍ പുതിയ നികുതി വരില്ലെന്ന് റീവ്സ് ഉറപ്പ് നല്‍കണം. സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കണം'' എന്നായിരുന്നു.
ചാന്‍സലര്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ തിരുത്തി ഒബിആറിന് അയച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഇന്‍കം ടാക്സ് വര്‍ധനവുമായി മുന്നോട്ട് പോകുമെന്ന് റീവ്സ് ബജറ്റ് നിരീക്ഷകരെ അറിയിച്ചിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ, ആളുകള്‍ നികുതി നല്‍കുന്ന പരിധി വെച്ച് മാറ്റങ്ങള്‍ വരുത്താനുള്ള നീക്കങ്ങളാകും റീവ്സ് സ്വീകരിക്കുക.