ലണ്ടന്‍: യുകെയില്‍ അഭയം തേടുന്നവര്‍ക്ക് ഇനി സ്ഥിരം താമസാനുമതി ലഭിക്കില്ലെന്ന് ഹോം സെക്രട്ടറി ഷബാന മഹമൂദ് പ്രഖ്യാപിച്ചു. ഭൂരിഭാഗം അഭയാര്‍ത്ഥികള്‍ക്കും അവരുടെ ജന്മനാട് സുരക്ഷിതമാകുന്നതുവരെ താല്‍ക്കാലിക താമസാനുമതിയാണ് അനുവദിക്കുക. ഡെന്‍മാര്‍ക്കിലെ നിയമപരിഷ്‌കാരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ തീരുമാനം.
പുതിയ നിയമപ്രകാരം, അഭയാര്‍ത്ഥികളുടെ അപേക്ഷ അംഗീകരിച്ചാലും അവര്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് അവകാശമുണ്ടാകില്ല. ജന്മനാട് സുരക്ഷിതമാകുന്ന സാഹചര്യത്തില്‍ അവരെ തിരികെ പോകാന്‍ നിര്‍ബന്ധിക്കും. കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നതിലും നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.
ഡെന്‍മാര്‍ക്കില്‍ നിലവിലുള്ള നിയമപ്രകാരം, അഭയാര്‍ത്ഥികള്‍ക്ക് സാധാരണയായി രണ്ട് വര്‍ഷത്തെ താല്‍ക്കാലിക താമസാനുമതിയാണ് ലഭിക്കുന്നത്. സ്ഥിരം വിസ ലഭിക്കുമെന്ന ഉറപ്പില്ല. സ്ഥിരമായി താമസിക്കണമെങ്കില്‍ ഡാനിഷ് ഭാഷ സംസാരിക്കാനും കുറഞ്ഞത് മൂന്ന് വര്‍ഷം ജോലി ചെയ്യാനും അവര്‍ക്കു കഴിയണം. താമസത്തിനിടയില്‍ സ്വന്തം രാജ്യത്തേക്ക് യാത്ര ചെയ്താല്‍ താമസാനുമതി നഷ്ടപ്പെടാനും സാധ്യതയുണ്ട്.
നിലവില്‍ യുകെയില്‍ അഭയാര്‍ത്ഥി പദവി ലഭിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ താമസാനുമതിയാണ് നല്‍കുന്നത്. തുടര്‍ന്ന് അവര്‍ക്ക് അനന്തമായ കാലത്തേക്ക് താമസിക്കാന്‍ അപേക്ഷിക്കാം. അനന്തമായ താമസാനുമതി ലഭിച്ചാല്‍ ബ്രിട്ടീഷ് പൗരത്വത്തിനും അപേക്ഷിക്കാം.
പുതിയ നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റിലെ ഇടതുപക്ഷ എംപിമാരില്‍ നിന്ന് എതിര്‍പ്പ് ഉയരുമെന്നാണ് പ്രതീക്ഷ. കുടിയേറ്റം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. റിഫോം യുകെയില്‍ നിന്നുള്ള രാഷ്ട്രീയ ഭീഷണിയും പരിഷ്‌കാരത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
'ആധുനിക കാലഘട്ടത്തിലെ നമ്മുടെ അഭയവ്യവസ്ഥിതിയില്‍ ഏറ്റവും വലിയ മാറ്റങ്ങള്‍ പ്രഖ്യാപിക്കാനാണ് ഞാന്‍ പോകുന്നത്,' ഷബാന മഹമൂദ് വ്യക്തമാക്കി. 'നിയമവിരുദ്ധമായി വരുന്നവരുടെ എണ്ണം കുറയ്ക്കണം, ഇവിടെ താമസിക്കാന്‍ അവകാശമില്ലാത്തവരെ പുറത്താക്കണം. അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് അഭയം നല്‍കുന്ന രാജ്യമായിരിക്കും യുകെ. എന്നാല്‍ അതിന് ക്രമവും നിയന്ത്രണവും ഉണ്ടായിരിക്കും,' അവര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ ചട്ടങ്ങള്‍ പ്രകാരം, യുകെയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് പഠിക്കണമെന്നും, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്നും, ജോലി ചെയ്ത് ഇന്‍ഷുറന്‍സ് അടയ്ക്കണമെന്നും നിര്‍ദ്ദേശം മുന്നോട്ടു വെക്കും. എന്നാല്‍ നിര്‍ബന്ധിതമായി സന്നദ്ധ പ്രവര്‍ത്തനം ചെയ്യിപ്പിക്കാനുള്ള നീക്കത്തിനെതിരെ യുകെയിലെ സന്നദ്ധ സംഘടനകള്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.