ലണ്ടന്‍: ഹാക്കര്‍മാരുടെ ആക്രമണം യുകെയുടെ സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിച്ചു. സെപ്റ്റംബറില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 0.1% ഇടിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ വാഹന നിര്‍മാണ മേഖലയിലെ തളര്‍ച്ചയാണ് പ്രധാന തിരിച്ചടിയായത്.
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ചനിരക്ക് 0.3%ല്‍ നിന്ന് 0.1% ആയി താഴ്ന്നു. 0.2% വളര്‍ച്ചയെന്ന നിരീക്ഷകരുടെ പ്രവചനവും പൊളിഞ്ഞു. ജൂലൈയില്‍ 0.1% ഇടിവും ഓഗസ്റ്റില്‍ വളര്‍ച്ചയില്ലായ്മയും രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബറില്‍ ഉല്‍പാദനമേഖല 2% ഇടിഞ്ഞപ്പോള്‍ വാഹന നിര്‍മാണം 28.6% ഇടിഞ്ഞത് വലിയ ആഘാതമായി.
ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പ്ലാന്റുകള്‍ ഹാക്കര്‍മാരുടെ ആക്രമണത്തെ തുടര്‍ന്ന് സെപ്റ്റംബറിലുടനീളം അടച്ചിടേണ്ടിവന്നു. ദിവസേന ശരാശരി 1,000 കാറുകള്‍ നിര്‍മ്മിച്ചിരുന്ന പ്ലാന്റുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ ജിഡിപി വളര്‍ച്ച നേരിട്ട് ബാധിച്ചു. പ്രതിസന്ധി മറികടക്കാന്‍ ജെഎല്‍ആറിന് 1.5 ബില്യന്‍ പൗണ്ടിന്റെ (ഏകദേശം 17,500 കോടി രൂപ) വായ്പാ സഹായം യുകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അതേസമയം, ട്രംപിന്റെ തീരുവ വര്‍ധനയുടെ പശ്ചാത്തലത്തില്‍ യുഎസിലേക്കുള്ള യുകെയുടെ കയറ്റുമതി സെപ്റ്റംബറില്‍ 11.4% ഇടിഞ്ഞു. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
ജിഡിപി വളര്‍ച്ച ഇടിഞ്ഞതോടെ തൊഴിലില്ലായ്മ നിരക്ക് ഉയരുമെന്ന ആശങ്ക ശക്തമാണ്. ഡിസംബര്‍ പാദത്തില്‍ തൊഴിലില്ലായ്മ 5% കടന്നേക്കാമെന്നാണ് പ്രവചനം.
ഡിസംബറില്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെ ജിഡിപി ഇടിവ് സര്‍ക്കാരിന് വലിയ വെല്ലുവിളിയായി. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുന്ന പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെന്നാണ് സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.