ലണ്ടന്‍: ഇന്‍കം ടാക്സ് വര്‍ദ്ധനയില്‍ നിന്ന് പിന്മാറിയ ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്, മാന്‍ഷന്‍ ടാക്സ് ചുമത്തി പണം സ്വരൂപിക്കാനുള്ള നീക്കവുമായി മുന്നോട്ട്. മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് മേല്‍ പുതിയ നികുതി ബാധകമാകുന്നതോടെ, ആയിരക്കണക്കിന് പൗണ്ട് ഓരോ വീട്ടില്‍ നിന്നും പിരിച്ചെടുത്ത് 600 മില്ല്യണ്‍ പൗണ്ട് കണ്ടെത്താനാണ് ലക്ഷ്യം.
ഇംഗ്ലണ്ടിലെ പത്തിലൊന്ന് വീടുകളെ നികുതി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ബാന്‍ഡ് എഫ് അല്ലെങ്കില്‍ അതിന് മുകളിലുള്ള വീടുകള്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയം നടത്തി അധിക ചാര്‍ജ്ജ് ഏര്‍പ്പെടുത്താനാണ് പദ്ധതി.
ധനികരെ മാത്രമാണ് ബാധിക്കുകയെന്ന ലേബര്‍ പാര്‍ട്ടിയുടെ വാദം, എന്നാല്‍ ബാന്‍ഡ് എഫ് കൗണ്‍സില്‍ ടാക്സില്‍ പെടുന്ന 1.3 മില്ല്യണ്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ബാധ്യത വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ലണ്ടനിലും സൗത്ത് ഈസ്റ്റിലുമുള്ള വീടുകളുടെ മൂല്യം കൂടുതലായതിനാല്‍ അവിടുത്തെ കുടുംബങ്ങള്‍ക്ക് അധിക സര്‍ചാര്‍ജ്ജ് നല്‍കേണ്ടിവരും.
ശരാശരി 3,293 പൗണ്ട് വരെ നല്‍കുന്ന ബില്ലുകള്‍ക്ക് പുറമേ നൂറുകണക്കിന് പൗണ്ട് കൂടി ചേര്‍ക്കപ്പെടും. ബാന്‍ഡ് എഫ്, ജി, എച്ച് വിഭാഗങ്ങളിലെ 1.5 ലക്ഷം ഭവന ഉടമകള്‍ക്ക് പ്രതിവര്‍ഷം ആയിരക്കണക്കിന് പൗണ്ട് അധിക ചെലവ് വഹിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
സാധാരണ ജോലിക്കാരെ ബാധിക്കുന്നതിനാല്‍ ഇന്‍കം ടാക്സ് വര്‍ദ്ധന ഒഴിവാക്കിയ ചാന്‍സലര്‍, രാജ്യത്തിന്റെ ഖജനാവിലേക്ക് പണം കണ്ടെത്താന്‍ മറ്റ് വഴികളില്‍ നികുതി ചുമത്തേണ്ടി വരുമെന്ന സാഹചര്യമാണിപ്പോള്‍. ആവശ്യമായ വരുമാനം കണ്ടെത്താനായില്ലെങ്കില്‍ സര്‍ക്കാരിന്റെ പല പദ്ധതികളും അവതാളത്തിലാകുമെന്ന ആശങ്ക ശക്തമാണ്.