Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.519 INR  1 EURO=107.032 INR
ukmalayalampathram.com
Thu 19th Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് രാജാവിന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു: 66-ാം വയസ്സില്‍ ജയിലിലാകുന്നത് പദവി ദുരുപയോഗം ചെയ്ത കേസില്‍
Text By: UK Malayalam Pathram
ബ്രിട്ടനിലെ രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ പോലീസ് കസ്റ്റഡിയില്‍. തേംസ് വാലി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൊതുപദവി ദുരുപയോഗം ചെയ്തെന്നാണു കേസ്. 66-ാം ജന്മദിനത്തിലാണ് അറസ്റ്റ്. ബ്രിട്ടിഷ് രാജാവ് ചാള്‍സിന്റെ സഹോദരനാണ് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍. തന്റെ സഹോദരന്‍ ചാള്‍സ് രാജാവ് ആന്‍ഡ്രൂവിനെ റോയല്‍ ലോഡ്ജില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് വുഡ് ഫാമിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ആന്‍ഡ്രൂ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്ന് കിംഗ് ചാള്‍സ് അറിയിച്ചിട്ടുണ്ട്.
നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള 'വുഡ് ഫാം' എന്ന വസതിയില്‍ വെച്ചാണ് വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ നാടകീയ നീക്കങ്ങള്‍ ആരംഭിച്ചത്. ആറോളം പോലീസ് വാഹനങ്ങളിലായി എത്തിയ ഉദ്യോഗസ്ഥര്‍ ആന്‍ഡ്രൂവിനെ കസ്റ്റഡിയിലെടുക്കുകയും അദ്ദേഹത്തിന്റെ നിലവിലെ വസതിയിലും, മുന്‍പ് താമസിച്ചിരുന്ന വിന്‍ഡ്സറിലെ റോയല്‍ ലോഡ്ജിലും ഒരേസമയം തിരച്ചില്‍ നടത്തുകയും ചെയ്തു.
ജെഫ്രി എപ്സ്റ്റീനുമായുള്ള ആന്‍ഡ്രൂവിന്റെ വഴിവിട്ട ബന്ധമാണ് അറസ്റ്റിലേക്ക് നയിച്ച പ്രധാന ഘടകം. ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായി (Trade Envoy) പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ജെഫ്രി എപ്സ്റ്റീന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കൈമാറി എന്ന ആരോപണവും എപ്സ്റ്റീന്റെ 'ലോലിത എക്സ്പ്രസ്' വിമാനത്തില്‍ കടത്തിക്കൊണ്ടുവന്ന യുവതിയെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് നിയമവിരുദ്ധമായി പ്രവേശിപ്പിച്ചു എന്നതും ഗൗരവകരമായ ആരോപണമാണ് . ആന്‍ഡ്രൂവിന്റെ പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലൈംഗികാതിക്രമങ്ങള്‍ക്കും മനുഷ്യക്കടത്തിനും ഒത്താശ ചെയ്തോ എന്നതിനെക്കുറിച്ച് മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷിക്കുന്നു.

ഒന്‍പതോളം വിവിധ പോലീസ് സേനകളാണ് എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം നടത്തുന്നത്. എപ്സ്റ്റീന്റെ വിമാനങ്ങള്‍ ഉപയോഗിച്ച വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ലൈംഗിക അതിക്രമ പരാതികളിലുമാണ് അന്വേഷണം പുരോഗമിക്കുന്നത്.

അറസ്റ്റിന് പിന്നാലെ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ രംഗത്തെത്തി. 'നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും, ആരും നിയമത്തിന് മുകളിലല്ലെന്നും' അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുള്ള ആരും തന്നെ അത് വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window