ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കില്ലര്‍ണിയില്‍ നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും ഗ്രീന്‍ ബസിന്റെ ഡബ്ലിന്‍ കോച്ചില്‍ ഡ്രൈവറുമായിരുന്ന എ. ബി. സതീഷ് കുമാര്‍ (സജന്‍-50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കില്ലര്‍ണിയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സതീഷ് കുമാര്‍ പതിവുപോലെ നടന്നു പോകുന്നതിനിടെയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ദൃക്സാക്ഷികള്‍ ഉടന്‍ തന്നെ അടിയന്തര മെഡിക്കല്‍ സേവനങ്ങളെ വിവരം അറിയിച്ചു. മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അദ്ദേഹത്തെ കെറി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ട് വര്‍ഷത്തോളം പോളണ്ടില്‍ ജോലി ചെയ്തിരുന്ന സതീഷ് കുമാര്‍ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ തേടിയാണ് ഒരു വര്‍ഷം മുന്‍പ് അയര്‍ലന്‍ഡിലെത്തിയത്. കുടുംബത്തെ നാട്ടിലാക്കി പ്രവാസജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളുമായി കില്ലര്‍ണിയില്‍ ഒറ്റയ്ക്കായിരുന്നു താമസം. സതീഷ് കുമാറിന്റെ അപ്രതീക്ഷിത നിര്യാണം അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങളും പ്രാദേശിക മലയാളി സമൂഹത്തിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഇരിങ്ങാലക്കുട മാപ്രാണം അണക്കത്തി വീട്ടില്‍ പരേതരായ ബാലന്‍-ഭാര്‍ഗവി ദമ്പതികളുടെ മകനാണ് സതീഷ് കുമാര്‍. മക്കള്‍: ഗൗരി വന്ദന, അദ്രിജ. സഹോദരങ്ങള്‍: വസന്തകുമാരി, നന്ദകുമാര്‍.