Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=108.8495 INR
ukmalayalampathram.com
Sun 12th Jul 2026
 
 
UK Special
  Add your Comment comment
ഉഷ്ണതരംഗത്തില്‍ വലഞ്ഞ് യുകെ; റെക്കോര്‍ഡ് തിരക്കില്‍ എന്‍എച്ച്എസ്
reporter

ലണ്ടന്‍: യുകെയില്‍ കടുത്ത വേനല്‍ച്ചൂട് തുടരുന്നതിനിടെ ആരോഗ്യ-സാമൂഹിക പരിചരണ സംവിധാനങ്ങള്‍ കനത്ത സമ്മര്‍ദത്തില്‍. തെക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ താപനില വീണ്ടും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരാനാണ് സാധ്യത. അടുത്ത ആഴ്ചയുടെ തുടക്കത്തിലും ചൂട് നിലനില്‍ക്കുമെന്നും വ്യാഴാഴ്ചയോടെ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത വര്‍ധിക്കുമെന്നും മെറ്റ് ഓഫിസ് അറിയിച്ചു. ഈ വര്‍ഷം മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ താപനില രേഖപ്പെടുത്തുന്നത് യുകെയുടെ കാലാവസ്ഥാ ചരിത്രത്തില്‍ ആദ്യമാണെന്ന് മെറ്റ് ഓഫിസ് വ്യക്തമാക്കി. 34 ഡിഗ്രിക്ക് മുകളിലുള്ള താപനില ഈ വര്‍ഷം എട്ടുദിവസം രേഖപ്പെടുത്തിയതും പുതിയ റെക്കോര്‍ഡാണ്. രാജ്യത്ത് അനുഭവപ്പെടുന്ന മൂന്നാമത്തെ ഉഷ്ണതരംഗമാണിത്. ജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഇംഗ്ലണ്ടിലെ വിവിധ മേഖലകളില്‍ ഹീറ്റ്‌ഹെല്‍ത്ത് മുന്നറിയിപ്പുകള്‍ പുതുക്കിയിട്ടുണ്ട്. ജൂലൈ 11-ന് പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പനുസരിച്ച് സൗത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് മേഖലകളില്‍ അംബര്‍ അലേര്‍ട്ടും ലണ്ടന്‍, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടുമാണ്. ചില മേഖലകളിലെ മുന്നറിയിപ്പുകള്‍ ജൂലൈ 15 രാത്രി ഒമ്പതുവരെ തുടരും.

അംബര്‍ മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളപ്പോള്‍ ആരോഗ്യ-സാമൂഹിക പരിചരണ സേവനങ്ങള്‍ക്ക് കാര്യമായ പ്രത്യാഘാതങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രായമായവര്‍, കൊച്ചുകുട്ടികള്‍, ഗര്‍ഭിണികള്‍, ഹൃദയ-ശ്വാസകോശ രോഗങ്ങളുള്ളവര്‍, ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ തുടങ്ങിയവരാണ് കൂടുതല്‍ അപകടസാധ്യതയിലുള്ളത്. ആവശ്യത്തിന് വെള്ളം കുടിക്കുക, ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശത്തില്‍ കഴിയുന്നത് ഒഴിവാക്കുക, പ്രായമായവരെയും ഒറ്റയ്ക്ക് താമസിക്കുന്നവരെയും നിരന്തരം പരിശോധിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കടുത്ത ചൂടും തുടര്‍ച്ചയായ ഉയര്‍ന്ന രോഗിസന്ദര്‍ശനവും എന്‍എച്ച്എസിനെ റെക്കോര്‍ഡ് സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ജൂണില്‍ ഇംഗ്ലണ്ടിലെ അപകട-അടിയന്തര ചികിത്സാ വിഭാഗങ്ങളില്‍ പ്രതിദിനം ശരാശരി 81,264 പേര്‍ ചികിത്സ തേടി. എ&ഇകളിലെ ശരാശരി പ്രതിദിന സന്ദര്‍ശനം ആദ്യമായി 80,000 കടന്നതായും ജൂണ്‍ എക്കാലത്തെയും ഏറ്റവും തിരക്കേറിയ മാസമായതായും എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു.

ജൂണില്‍ 999 അടിയന്തര നമ്പറിലേക്ക് 8,94,143 കോളുകളാണ് ലഭിച്ചത്. പ്രതിദിനം ശരാശരി 29,805 കോളുകള്‍ ലഭിച്ചപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് പത്ത് ശതമാനം കൂടുതലാണ്. ആംബുലന്‍സ് ഇടപെടലുകളും പ്രതിദിനം ശരാശരി 27,171 ആയി ഉയര്‍ന്നു. മുന്‍വര്‍ഷത്തേക്കാള്‍ 7.3 ശതമാനം വര്‍ധനയാണിത്. വേനല്‍ക്കാലവും ശൈത്യകാലത്തിന് സമാനമായി എന്‍എച്ച്എസിനുമേല്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് എന്‍എച്ച്എസ് ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. ഫ്രാങ്കി സ്വോര്‍ഡ്‌സ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടെങ്കില്‍ 999-ലും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് എന്‍എച്ച്എസ് 111 സേവനത്തിലും ബന്ധപ്പെടണമെന്നും ചികിത്സ തേടുന്നത് വൈകിക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. ചൂടും വരണ്ട കാലാവസ്ഥയും തുടരുന്നതിനാല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കാട്ടുതീ സാധ്യതയും ഉയര്‍ന്നിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ ഡിസ്‌പോസിബിള്‍ ബാര്‍ബിക്യൂ ഉപയോഗിക്കുന്നതും അലക്ഷ്യമായി സിഗരറ്റ് ഉപേക്ഷിക്കുന്നതും ഒഴിവാക്കണമെന്ന് അഗ്‌നിരക്ഷാ അധികൃതര്‍ ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window