Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=108.8495 INR
ukmalayalampathram.com
Sun 12th Jul 2026
 
 
UK Special
  Add your Comment comment
ആന്‍ വിഡ്ഡെകോംബ് കൊലപാതകം: 28കാരന്‍ അറസ്റ്റില്‍; ആക്രമണം മൃതദേഹം കണ്ടെത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെന്ന് പൊലീസ്
reporter

ലണ്ടന്‍: ബ്രിട്ടന്റെ മുന്‍ മന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ആന്‍ വിഡ്ഡെകോംബ് (78) കൊല്ലപ്പെട്ട കേസില്‍ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് യോര്‍ക്ക്ഷയറിലെ ഒരു വിലാസത്തില്‍നിന്നാണ് വെള്ളക്കാരനായ ബ്രിട്ടീഷ് പൗരനെ ജൂലൈ 11 ശനിയാഴ്ച വൈകിട്ട് കൊലപാതക സംശയത്തെ തുടര്‍ന്ന് പിടികൂടിയത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റിനെക്കുറിച്ച് വിഡ്ഡെകോംബിന്റെ കുടുംബത്തെ അറിയിച്ചതായും ഡെവണ്‍ ആന്‍ഡ് കോണ്‍വാള്‍ പൊലീസ് വ്യക്തമാക്കി. മൃതശരീരം കണ്ടെത്തുന്നതിന് ഏകദേശം 24 മണിക്കൂര്‍ മുമ്പാണ് ആന്‍ വിഡ്ഡെകോംബ് ആക്രമിക്കപ്പെട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ജൂലൈ 8 ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ആക്രമണം നടന്നതായാണ് കരുതുന്നത്. ജൂലൈ 9 വ്യാഴാഴ്ച രാവിലെ 11.40ഓടെ ആംബുലന്‍സ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഗുരുതര പരുക്കുകളോടെ അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ന്യൂട്ടണ്‍ അബോട്ടില്‍നിന്ന് അറസ്റ്റുചെയ്ത 26കാരനെ ചോദ്യം ചെയ്തശേഷം കുറ്റം ചുമത്താതെ വിട്ടയച്ചിരുന്നു. ഇയാള്‍ ഇനി അന്വേഷണത്തിന്റെ ഭാഗമല്ലെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്നാണ് സൗത്ത് യോര്‍ക്ക്ഷയറില്‍നിന്ന് 28കാരനെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തും പരിസരപ്രദേശങ്ങളിലും ഫൊറന്‍സിക് പരിശോധന തുടരുകയാണ്. വീടുതോറുമുള്ള അന്വേഷണം, സിസിടിവി ദൃശ്യങ്ങളുടെ പരിശോധന, പൊതുജനങ്ങളില്‍നിന്നുള്ള വിവരശേഖരണം എന്നിവയും ശക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ചെറിയ വിവരങ്ങള്‍ പോലും കൈവശമുള്ളവര്‍ അന്വേഷണസംഘത്തെ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.

ആക്രമണം നടന്നതായി കരുതുന്ന ബുധനാഴ്ച രാവിലെ ആന്‍ വിഡ്ഡെകോംബ് ടോക്ക് ടിവിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 12.19ന് ചാനല്‍ 5 ഗവേഷകന് അവര്‍ അവസാന സന്ദേശം അയച്ചതായാണ് വിവരം. പിന്നീട് നിശ്ചയിച്ചിരുന്ന ടെലിവിഷന്‍ അഭിമുഖത്തില്‍ പങ്കെടുക്കാതിരുന്നത് ആക്രമണം നടന്ന സമയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സൂചനയായി. അറസ്റ്റിന് കൗണ്ടര്‍ ടെററിസം പൊലീസിന്റെ സഹായം ലഭിച്ചിരുന്നെങ്കിലും, കൊലപാതകത്തിന് രാഷ്ട്രീയ പ്രേരണയോ ഭീകരവാദ ബന്ധമോ ഉള്ളതായി നിലവില്‍ സൂചനകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന്റെ കാരണവും സംഭവപരമ്പരയും കണ്ടെത്തുന്നതിനുള്ള അന്വേഷണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.

 
Other News in this category

 
 




 
Close Window