Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=108.8495 INR
ukmalayalampathram.com
Sun 12th Jul 2026
 
 
UK Special
  Add your Comment comment
അനസ്‌തേഷ്യ വിദഗ്ധരുടെ രൂക്ഷക്ഷാമം; എന്‍എച്ച്എസില്‍ പ്രതിവര്‍ഷം 15 ലക്ഷം ശസ്ത്രക്രിയകള്‍ നടത്താനാകുന്നില്ല
reporter

ലണ്ടന്‍: ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ അനസ്‌തേഷ്യ വിദഗ്ധരുടെ രൂക്ഷമായ ക്ഷാമം കാരണം പ്രതിവര്‍ഷം 15 ലക്ഷത്തോളം ശസ്ത്രക്രിയകളും ചികിത്സാ നടപടികളും നടത്താനുള്ള ശേഷി നഷ്ടപ്പെടുന്നതായി പുതിയ റിപ്പോര്‍ട്ട്. റോയല്‍ കോളജ് ഓഫ് അനസ്തറ്റിസ്റ്റ്‌സ് പുറത്തിറക്കിയ 'യുകെ സ്റ്റേറ്റ് ഓഫ് ദി നേഷന്‍ റിപ്പോര്‍ട്ട് 2026'ലാണ് ആശങ്കാജനകമായ വിവരങ്ങളുള്ളത്. ഇംഗ്ലണ്ട്, സ്‌കോട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 80 ലക്ഷത്തിലധികം രോഗികള്‍ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇവരില്‍ പലര്‍ക്കും അടിയന്തരമായ ശസ്ത്രക്രിയകളും മറ്റു ചികിത്സാ നടപടികളും ആവശ്യമാണ്. എന്നാല്‍ അനസ്‌തേഷ്യ വിദഗ്ധരുടെ അഭാവം കാരണം പ്രതിദിനം ഏകദേശം 4,000 ശസ്ത്രക്രിയകളും ചികിത്സാ നടപടികളും നടത്താനുള്ള അവസരം നഷ്ടപ്പെടുന്നതായാണ് കണക്കാക്കുന്നത്. ശസ്ത്രക്രിയയ്ക്കു മുമ്പും ശസ്ത്രക്രിയയ്ക്കിടയിലും ശേഷവും രോഗികള്‍ക്ക് അനസ്‌തേഷ്യയും വേദനാശമന ചികിത്സയും നല്‍കുന്ന വിദഗ്ധ ഡോക്ടര്‍മാരാണ് അനസ്തറ്റിസ്റ്റുകള്‍. ഓപ്പറേഷന്‍ തിയറ്ററുകള്‍ക്കു പുറമേ പ്രസവവിഭാഗം, തീവ്രപരിചരണ വിഭാഗം, വേദനാ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഇവരുടെ സേവനം നിര്‍ണായകമാണ്.

യുകെയില്‍ നിലവില്‍ ആവശ്യമായതിനെക്കാള്‍ 2,256 അനസ്‌തേഷ്യ വിദഗ്ധര്‍ കുറവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആവശ്യത്തിനേക്കാള്‍ 16 ശതമാനം കുറവാണിത്. ഇതില്‍ ഏകദേശം 1,640 ഒഴിവുകള്‍ മുതിര്‍ന്ന കണ്‍സള്‍ട്ടന്റ് തസ്തികകളിലാണ്. അനസ്‌തേഷ്യ വിദഗ്ധരുടെ ക്ഷാമം കാരണം ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടിവരുന്നതായി സര്‍വേയില്‍ പങ്കെടുത്ത 88 ശതമാനം ആശുപത്രി ക്ലിനിക്കല്‍ മേധാവികളും അറിയിച്ചു. 43 ശതമാനം ആശുപത്രികളില്‍ ദിവസേനയോ ആഴ്ചതോറുമോ ഇത്തരത്തില്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടിവരുന്നുണ്ട്. പരിശീലനം നേടാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാരുടെ കുറവല്ല, ആവശ്യത്തിന് പരിശീലന തസ്തികകള്‍ അനുവദിക്കാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 6,770 ഡോക്ടര്‍മാര്‍ അപേക്ഷിച്ചപ്പോള്‍ 539 അനസ്‌തേഷ്യ പരിശീലന തസ്തികകള്‍ മാത്രമാണ് ലഭ്യമായിരുന്നത്. ജോലിഭാരവും മാനസിക സമ്മര്‍ദവും കാരണം നിരവധി വിദഗ്ധര്‍ എന്‍എച്ച്എസ് വിടുന്നതും ക്ഷാമം രൂക്ഷമാക്കുന്നു.

ശസ്ത്രക്രിയയ്ക്കായി ദീര്‍ഘകാലം കാത്തിരിക്കുന്നവരില്‍ 36 ശതമാനം പേരുടെ ശാരീരികാരോഗ്യവും 31 ശതമാനം പേരുടെ മാനസികാരോഗ്യവും മോശമായതായി റിപ്പോര്‍ട്ട് പറയുന്നു. രോഗാവസ്ഥ വഷളാകുന്നത് കൂടുതല്‍ ചികിത്സയും ആശുപത്രി സേവനങ്ങളും ആവശ്യമായി വരുന്നതിനും ചിലര്‍ക്ക് ജോലി തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ഒഴിവുകള്‍ നികത്താന്‍ ആശുപത്രികള്‍ ഉയര്‍ന്ന പ്രതിഫലം നല്‍കി ഏജന്‍സി, താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കേണ്ടിവരുന്നതിനാല്‍ എന്‍എച്ച്എസിന്റെ ചെലവും ഗണ്യമായി വര്‍ധിക്കുന്നുണ്ട്. അനസ്‌തേഷ്യ പരിശീലന തസ്തികകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കുകയും നിലവിലുള്ള വിദഗ്ധരെ സേവനത്തില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് റോയല്‍ കോളജ് ഓഫ് അനസ്തറ്റിസ്റ്റ്‌സ് ആവശ്യപ്പെട്ടു. അതേസമയം, എന്‍എച്ച്എസില്‍ നിലവില്‍ 14,800ലധികം മുഴുവന്‍സമയ അനസ്‌തേഷ്യ വിദഗ്ധര്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും മുന്‍വര്‍ഷത്തെക്കാള്‍ 300 പേര്‍ കൂടുതലാണെന്നും ബ്രിട്ടീഷ് ആരോഗ്യവകുപ്പ് പ്രതികരിച്ചു. വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലായി 4,500 അധിക പരിശീലന തസ്തികകള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഇതില്‍ എത്ര എണ്ണം അനസ്‌തേഷ്യ വിഭാഗത്തിന് ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

 
Other News in this category

 
 




 
Close Window