Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=108.7075 INR
ukmalayalampathram.com
Mon 13th Jul 2026
 
 
UK Special
  Add your Comment comment
രാഷ്ട്രീയ സംഭാവനയ്ക്ക് ഒരു ലക്ഷം പൗണ്ട് പരിധി വന്നാല്‍ റിഫോം യുകെയ്ക്ക് വന്‍ തിരിച്ചടി; 85 ശതമാനം ഫണ്ട് നഷ്ടമാകും
reporter

ലണ്ടന്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യക്തികളില്‍നിന്ന് പ്രതിവര്‍ഷം സ്വീകരിക്കാവുന്ന സംഭാവനയ്ക്ക് ഒരു ലക്ഷം പൗണ്ട് പരിധി ഏര്‍പ്പെടുത്തിയാല്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുക നൈജല്‍ ഫാരേജിന്റെ റിഫോം യുകെയ്ക്കായിരിക്കുമെന്ന് പുതിയ പഠനം. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിക്ക് ലഭിച്ച സംഭാവനയുടെ 15 ശതമാനം മാത്രമേ ഇത്തരമൊരു പരിധിക്കു കീഴില്‍ നിലനിര്‍ത്താനാകുമായിരുന്നുള്ളൂവെന്ന് പരിസ്ഥിതി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് ദി എര്‍ത്ത് നടത്തിയ വിശകലനം വ്യക്തമാക്കുന്നു. യുകെ ഇലക്ടറല്‍ കമ്മിഷന്‍ പുറത്തുവിട്ട സംഭാവനാ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. സമ്പന്നരായ ഏതാനും വ്യക്തികളില്‍നിന്നുള്ള വന്‍തുകകളെയാണ് റിഫോം യുകെ പ്രധാനമായും ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള ഒരുവര്‍ഷത്തിനിടെ റിഫോം യുകെയ്ക്ക് 26.7 മില്യണ്‍ പൗണ്ടാണ് സംഭാവനയായി ലഭിച്ചത്. എന്നാല്‍ വ്യക്തിഗത വാര്‍ഷിക സംഭാവനയ്ക്ക് ഒരു ലക്ഷം പൗണ്ട് പരിധി നിലവിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ലഭിക്കുമായിരുന്നത് 4.1 മില്യണ്‍ പൗണ്ട് മാത്രമായിരുന്നുവെന്നാണ് വിലയിരുത്തല്‍. അതായത് ആകെ സംഭാവനയുടെ ഏകദേശം 85 ശതമാനം നഷ്ടപ്പെടുമായിരുന്നു.

റിഫോം യുകെയ്ക്ക് ലഭിച്ച രജിസ്റ്റര്‍ ചെയ്ത ഓരോ സംഭാവനയുടെയും ശരാശരി തുക 137,496 പൗണ്ടായിരുന്നു. ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ച സംഭാവനകളുടെ ശരാശരി 23,406 പൗണ്ടും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടേത് 23,173 പൗണ്ടുമായിരുന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ച സംഭാവനകളുടെ ശരാശരി 4,496 പൗണ്ട് മാത്രമാണ്. ഇതനുസരിച്ച് റിഫോമിന്റെ ശരാശരി സംഭാവന ലേബറിന്റെയും കണ്‍സര്‍വേറ്റീവിന്റെയും ആറിരട്ടിയോളവും ലിബറല്‍ ഡെമോക്രാറ്റുകളുടേതിന്റെ മുപ്പതിരട്ടിയിലധികവുമാണ്. ഒരു ലക്ഷം പൗണ്ടിന്റെ പരിധി നിലവിലുണ്ടായിരുന്നെങ്കില്‍ ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ച 10.8 മില്യണ്‍ പൗണ്ടില്‍ ഏകദേശം 8.1 മില്യണ്‍ പൗണ്ട് നിലനിര്‍ത്താനാകുമായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ച 15.5 മില്യണ്‍ പൗണ്ടില്‍ 8.3 മില്യണ്‍ പൗണ്ടും നിലനിര്‍ത്താനാകുമായിരുന്നു.

ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ച സംഭാവനയുടെ ഏകദേശം 90 ശതമാനം നിലനില്‍ക്കുമായിരുന്നെന്നും ഗ്രീന്‍ പാര്‍ട്ടിയെ നിര്‍ദിഷ്ട പരിധി കാര്യമായി ബാധിക്കില്ലെന്നും പഠനം പറയുന്നു. പരിധി പ്രാബല്യത്തിലുണ്ടായിരുന്നെങ്കില്‍ ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന സ്ഥാനവും റിഫോം യുകെയ്ക്ക് നഷ്ടപ്പെടുമായിരുന്നു. റിഫോം യുകെയ്ക്ക് അടുത്തിടെ ലഭിച്ച വന്‍ സംഭാവനകളില്‍ ഭൂരിഭാഗവും ക്രിപ്‌റ്റോകറന്‍സി മേഖലയിലെ ശതകോടീശ്വരന്മാരായ ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍, ബെന്‍ ഡെലോ എന്നിവരില്‍നിന്നാണ്. 2026-ലെ ആദ്യ മൂന്നുമാസത്തില്‍ മാത്രം ഹാര്‍ബോണ്‍ മൂന്ന് മില്യണ്‍ പൗണ്ടും ബെന്‍ ഡെലോ നാല് മില്യണ്‍ പൗണ്ടും പാര്‍ട്ടിക്ക് സംഭാവന നല്‍കിയിരുന്നു.

ഭേദഗതിയുമായി സ്റ്റെല്ല ക്രേസി

പാര്‍ലമെന്റില്‍ പരിഗണിക്കാനിരിക്കുന്ന റപ്രസന്റേഷന്‍ ഓഫ് ദി പീപ്പിള്‍ ബില്ലില്‍ വ്യക്തികള്‍ നല്‍കുന്ന വാര്‍ഷിക രാഷ്ട്രീയ സംഭാവനയ്ക്ക് ഒരു ലക്ഷം പൗണ്ട് പരിധി ഏര്‍പ്പെടുത്തുന്ന ഭേദഗതി അവതരിപ്പിക്കാനാണ് ലേബര്‍ എംപി സ്റ്റെല്ല ക്രേസി ഒരുങ്ങുന്നത്. അതിസമ്പന്നരായ ഏതാനും വ്യക്തികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളിലും സര്‍ക്കാര്‍ നയരൂപീകരണത്തിലും അമിതസ്വാധീനം ചെലുത്താന്‍ കഴിയുന്ന സാഹചര്യം നിയന്ത്രിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് ക്രേസി പറയുന്നു. വിദേശ ഇടപെടലുകള്‍ തടയാന്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ബ്രിട്ടനില്‍ വിലാസമുള്ള സമ്പന്നര്‍ക്ക് വന്‍തുകകള്‍ സംഭാവന ചെയ്യുന്നത് തുടരാനാകുമെന്നും അതിനാല്‍ എല്ലാ വ്യക്തിഗത സംഭാവനകള്‍ക്കും പരിധി വേണമെന്നും അവര്‍ വാദിക്കുന്നു. ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വന്‍കിട ദാതാക്കളുടെ സ്വാധീനത്തെയും രാഷ്ട്രീയ പാര്‍ട്ടികളുടെ ധനസമാഹരണത്തിലെ സുതാര്യതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് ഭേദഗതി നീക്കം. എന്നാല്‍ പരിധി ഏര്‍പ്പെടുത്തുന്നത് നിയമപരമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനുള്ള വ്യക്തികളുടെ അവകാശത്തെ ബാധിക്കുമെന്നും പരമ്പരാഗതമായി വലിയ അംഗത്വവും സ്ഥാപനപരമായ ധനസഹായവും ലഭിക്കുന്ന പാര്‍ട്ടികള്‍ക്ക് അനുകൂലമാകുമെന്നും റിഫോം യുകെ പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window