Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6008 INR  1 EURO=110.1564 INR
ukmalayalampathram.com
Tue 21st Jul 2026
 
 
UK Special
  Add your Comment comment
ഹെയ്സില്‍ ഇന്ത്യന്‍ യുവതി കുത്തേറ്റ് മരിച്ച സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനും നീതി ഉറപ്പാക്കാനും സഹായം തേടി കുടുംബം
reporter

ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ ഹെയ്സില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയയാളുടെ കുത്തേറ്റ് ഇന്ത്യന്‍ യുവതി കിരണ്‍ദീപ് കൗര്‍ (24) മരിച്ച സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് കുടുംബം. കിരണ്‍ദീപിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ച് പഞ്ചാബിലെ സ്വദേശഗ്രാമത്തില്‍ സംസ്‌കരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കുടുംബം അഭ്യര്‍ഥിച്ചു. ജൂലൈ 12 ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ഭര്‍ത്താവിനും നാലുമാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കിരണ്‍ദീപ് ആക്രമിക്കപ്പെട്ടത്. പഞ്ചാബിലെ തരണ്‍ താരണ്‍ സ്വദേശിനിയായ കിരണ്‍ദീപ് മികച്ച തൊഴില്‍ കണ്ടെത്തുന്നതിനും കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുമായി 2024 സെപ്റ്റംബറിലാണ് യുകെയിലെത്തിയത്. ബക്കിങ്ഹാംഷയര്‍ ന്യൂ യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഗ്രോസറി സ്റ്റോറില്‍ ജോലി ചെയ്തുവരികയായിരുന്നു. യുകെയില്‍വച്ചാണ് വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ഹെയ്സില്‍ താമസിച്ചുവരികയായിരുന്നു.

സംഭവത്തില്‍ ഡാനിയല്‍ ഷോണ്‍ ജെയിംസ് (46) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, കൊലപാതകശ്രമം, മാരകായുധം കൈവശംവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ പ്രോസിക്യൂഷന്‍ അറിയിച്ചതനുസരിച്ച്, മറ്റൊരാളെ കുത്തിപ്പരുക്കേല്‍പ്പിച്ചശേഷമാണ് പ്രതി കിരണ്‍ദീപിന്റെ വീടിനു സമീപമെത്തിയത്. മുന്‍വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയ ഇയാള്‍ കിരണ്‍ദീപിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആക്രമണത്തിനുശേഷം ജനാലയിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്ക് പരുക്കേറ്റു. രണ്ടു കണങ്കാലുകളും ഒടിഞ്ഞ നിലയിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കും കിരണ്‍ദീപിനും തമ്മില്‍ മുന്‍പരിചയമോ വ്യക്തിപരമായ ബന്ധമോ ഉണ്ടായിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ആക്രമണത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

''അവള്‍ എന്റെ ലോകമായിരുന്നു. കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും അവളിലായിരുന്നു. എന്റെ പഠനച്ചെലവുപോലും ഏറ്റെടുത്തത് അവളാണ്. അവളില്ലാതെ ഇനി ഞങ്ങള്‍ എന്തുചെയ്യും?'' കിരണ്‍ദീപിന്റെ ഇളയ സഹോദരി ഗുര്‍ഷരണ്‍ കൗര്‍ പറഞ്ഞു. ഗ്രാമവാസിയായ ഒരാളില്‍നിന്നാണ് സഹോദരിയുടെ മരണവിവരം അറിഞ്ഞതെന്നും സംഭവത്തെക്കുറിച്ച് കുടുംബത്തിന് ഇപ്പോഴും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഗുര്‍ഷരണ്‍ പറഞ്ഞു. വാര്‍ത്തയറിഞ്ഞതോടെ അമ്മ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും അച്ഛന്റെ ആരോഗ്യനില മോശമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ''2024ല്‍ ലണ്ടനിലേക്കു പോയശേഷം അവളെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. അവസാനമായി ഒരിക്കല്‍ക്കൂടി അവളെ കാണണം. മാതാപിതാക്കള്‍ക്കും മകളെ അവസാനമായി കാണാനുള്ള അവസരം ലഭിക്കണം. ഞങ്ങള്‍ക്ക് നീതി വേണം. ഇത്തരമൊരു ദുരന്തം മറ്റൊരു കുടുംബത്തിനും സംഭവിക്കരുത്,'' ഗുര്‍ഷരണ്‍ പറഞ്ഞു.

കിരണ്‍ദീപിന്റെ സ്മരണാര്‍ഥം ലണ്ടനിലെ സിഖ് സമൂഹത്തിന്റെ നേതൃത്വത്തില്‍ അനുസ്മരണയോഗങ്ങളും മെഴുകുതിരി തെളിയിക്കല്‍ ചടങ്ങുകളും സംഘടിപ്പിച്ചു. നിരവധി പേര്‍ പങ്കെടുത്ത ചടങ്ങുകളില്‍ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും കേസില്‍ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിയെ റിമാന്‍ഡ് ചെയ്ത കോടതി ഒക്ടോബര്‍ ഒന്നിന് കേസിലെ പ്ലീ ഹിയറിങ് നടത്തും. ഭര്‍ത്താവിനും പിഞ്ചുകുഞ്ഞിനുമൊപ്പം വീട്ടില്‍ കഴിയുന്നതിനിടെ യുവതി കൊല്ലപ്പെട്ട സംഭവം യുകെയിലെ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കിരണ്‍ദീപിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനും സംസ്‌കാരച്ചെലവുകള്‍ക്കും നാലുമാസം പ്രായമുള്ള കുഞ്ഞിന്റെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കുന്നതിനുമായി ശ്രീ ഗുരു സിങ് സഭ സൗത്താള്‍ ഗുരുദ്വാരയുടെ നേതൃത്വത്തില്‍ ഗോഫണ്ട്മി വഴി ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window