Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഉഷ്ണതരംഗത്തിനിടെ യുകെയില്‍ കാട്ടുതീ വ്യാപിക്കുന്നു; 19 ഇടങ്ങളില്‍ തീ സജീവം
reporter

ലണ്ടന്‍: ഉഷ്ണതരംഗം തുടരുന്നതിനിടെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ വ്യാപിക്കുന്നു. മഴയുടെ അഭാവവും അതിശക്തമായ ചൂടും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയിരിക്കുകയാണെന്നും അഗ്‌നിരക്ഷാസേന കടുത്ത സമ്മര്‍ദത്തിലാണെന്നും നാഷനല്‍ ഫയര്‍ ചീഫ്‌സ് കൗണ്‍സില്‍ (NFCC) ചെയര്‍മാന്‍ ഫില്‍ ഗാരിഗന്‍ പറഞ്ഞു. ''നിലവിലെ പ്രവചനമനുസരിച്ച് മഴയ്ക്ക് സാധ്യതയില്ല. അതിനാല്‍ കാട്ടുതീ നിയന്ത്രിക്കുന്നത് കൂടുതല്‍ ദുഷ്‌കരമാകുകയാണ്,'' ഫില്‍ ഗാരിഗന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 കാട്ടുതീകള്‍ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച നോര്‍ത്ത് വെയില്‍സിലെ കോണ്‍വിയിലും ഇംഗ്ലണ്ടിലെ ഡര്‍ബിഷെയറിലെ ഗ്ലോസോപ്പിലും ദുരന്താവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചയും നിരവധി മേഖലകളില്‍ അഗ്‌നിരക്ഷാസേനയുടെ പ്രവര്‍ത്തനം തുടരുകയാണ്.

നോര്‍ത്ത് വെയില്‍സിലെ കോണ്‍വി മലനിരകളിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബെഥെസ്ഡയ്ക്കു സമീപമുള്ള ബ്രൈഖ്‌മെലിന്‍ വനമേഖലയിലും ഹാര്‍ലെക്കിന് സമീപത്തെ റൈനോഗിദ് മലനിരകളിലും തീ പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ''ഇത്രയും വലിയ കാട്ടുതീ ഇതുവരെ കണ്ടിട്ടില്ല. കാഴ്ച ഭയാനകമായിരുന്നു,'' കോണ്‍വി മലനിരകളോടു ചേര്‍ന്ന് കൃഷി നടത്തുന്ന ഗാരത്ത് വിന്‍ ജോണ്‍സ് പറഞ്ഞു. കാട്ടുതീയെത്തുടര്‍ന്ന് പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും സുരക്ഷാഭീഷണി നേരിടുകയാണ്. പീക്ക് ഡിസ്ട്രിക്ടിലെ ഡോവ്‌സ്റ്റോണ്‍ റിസര്‍വോയറിന് സമീപമുള്ള ടിന്റ്വിസില്‍ മൂറില്‍ ജൂണ്‍ 24ന് ആരംഭിച്ച കാട്ടുതീ ഇപ്പോഴും തുടരുകയാണ്. ഏകദേശം 260 ഹെക്ടര്‍ വനവും പുല്‍മേടുകളും ഇതിനകം കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു. മുപ്പത് മുതല്‍ നാല്‍പ്പത് വരെ അഗ്‌നിശമനസേനാംഗങ്ങള്‍ സ്ഥലത്ത് തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഡോവ്‌സ്റ്റോണ്‍ കാട്ടുതീയുമായി ബന്ധപ്പെട്ട് 20കാരിയായ ഷാനിയ കെയര്‍ സ്ലെഡിനെ അറസ്റ്റ് ചെയ്തതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. മനഃപൂര്‍വം തീപിടിത്തമുണ്ടാക്കല്‍, മനുഷ്യജീവന്‍ അപകടത്തിലാക്കല്‍, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡോര്‍സെറ്റ്, ഹാംപ്ഷയര്‍, ഡര്‍ഹം, വെസ്റ്റ് സസ്സെക്‌സ്, ഈസ്റ്റ് സസ്സെക്‌സ്, ഡെവണ്‍, സോമര്‍സെറ്റ് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും പല ഭാഗങ്ങളിലും അടുത്ത ദിവസങ്ങളിലും കാട്ടുതീ ഭീഷണി 'വളരെ ഉയര്‍ന്ന' അല്ലെങ്കില്‍ 'അതീവ ഗുരുതര' നിലയില്‍ തുടരുമെന്ന് നാചുറല്‍ ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി. വരണ്ട കാലാവസ്ഥ മാത്രം കാട്ടുതീയ്ക്ക് കാരണമാകില്ലെങ്കിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ചൂട് സസ്യങ്ങളിലെ ഈര്‍പ്പം കുറയ്ക്കുന്നതിനാല്‍ ചെറിയൊരു തീപ്പൊരിപോലും വലിയ ദുരന്തത്തിന് വഴിവയ്ക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കൂടുതല്‍ തീവ്രമായ ഉഷ്ണതരംഗങ്ങളും വേനല്‍ക്കാല വരള്‍ച്ചയും പതിവാകുമെന്ന മുന്നറിയിപ്പിനിടെയാണ് യുകെ ഇപ്പോഴത്തെ ഗുരുതര സാഹചര്യം നേരിടുന്നതെന്നും കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window