Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
മക്കളെ രക്ഷിക്കാന്‍ കടലിലിറങ്ങിയ പിതാവടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
reporter

ലണ്ടന്‍: കടലില്‍ അപകടത്തില്‍പ്പെട്ട മക്കളെ രക്ഷിക്കാന്‍ തിരകളിലേക്ക് എടുത്തുചാടിയ പിതാവിനും സഹായത്തിനായി പിന്നാലെ വെള്ളത്തിലിറങ്ങിയ മറ്റൊരാള്‍ക്കും ദാരുണാന്ത്യം. ഇംഗ്ലണ്ടിലെ ഹാര്‍ട്ടില്‍പൂളിലുള്ള സീറ്റണ്‍ കെയര്‍വ് ബീച്ചില്‍ ഞായറാഴ്ചയാണ് സംഭവം. കുട്ടികളുടെ പിതാവായ വെയ്ന്‍ ടെയ്ലറാണ് മരിച്ചവരില്‍ ഒരാള്‍. വെയ്ന്‍ ടെയ്ലറാണ് മരിച്ചതെന്ന വിവരം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരംഭിച്ച ഗോഫണ്ട്മീ ധനസമാഹരണ പേജിലൂടെയാണ് പുറത്തുവന്നത്. എന്നാല്‍ ഔദ്യോഗിക തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ക്ലീവ്‌ലന്‍ഡ് പൊലീസ് അറിയിച്ചു. മരിച്ച രണ്ടാമത്തെയാളുടെ പേരും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച വൈകിട്ട് 3.45ഓടെയാണ് രണ്ട് കുട്ടികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടെന്ന വിവരം അധികൃതര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് റോയല്‍ നാഷനല്‍ ലൈഫ്ബോട്ട് ഇന്‍സ്റ്റിറ്റിയൂഷന്‍ (RNLI), ഹാര്‍ട്ടില്‍പൂള്‍, റെഡ്കാര്‍, സ്റ്റെയ്ത്സ് കോസ്റ്റ് ഗാര്‍ഡ് സംഘങ്ങള്‍, ക്ലീവ്‌ലന്‍ഡ് പൊലീസ്, നോര്‍ത്ത് ഈസ്റ്റ് ആംബുലന്‍സ് സര്‍വീസ് എന്നിവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

രണ്ട് പുരുഷന്മാരെയും കടലില്‍നിന്ന് കരയിലെത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് കുട്ടികളും പ്രാഥമിക പരിശോധനകള്‍ക്കുശേഷം സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. സംഭവസമയത്ത് ബീച്ചിലൂടെ നടന്നുപോകുകയായിരുന്ന ഡേവി ഷോര്‍ട്ട് എന്നയാളാണ് കുട്ടികളില്‍ ഒരാളെ രക്ഷപ്പെടുത്തിയത്. ഒരു സ്ത്രീ ഭയന്ന് നിലവിളിച്ചുകൊണ്ട് സഹായം അഭ്യര്‍ഥിച്ചുവെന്നും, 'എന്റെ മകനെ രക്ഷിക്കൂ, എനിക്ക് നീന്താന്‍ അറിയില്ല' എന്ന് കരഞ്ഞുപറഞ്ഞുവെന്നും ഡേവി മാധ്യമങ്ങളോട് പറഞ്ഞു. ''തിരമാലകളുടെ ശക്തിയില്‍ ഒരു ഘട്ടത്തില്‍ എനിക്കും ഭയം തോന്നി. കരയിലെത്തി ശ്വാസം വീണ്ടെടുത്തശേഷം വീണ്ടും കടലിലിറങ്ങി. ഒടുവില്‍ മറ്റൊരാളുടെ സഹായത്തോടെ കുട്ടിയെ സുരക്ഷിതമായി കരയിലെത്തിച്ചു. കൂടുതല്‍ ചെയ്യാന്‍ കഴിയാതിരുന്നത് ഇപ്പോഴും വിഷമിപ്പിക്കുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടായാല്‍ ഞാന്‍ വീണ്ടും കടലിലിറങ്ങും. എനിക്കും കുട്ടികളുണ്ട്,'' ഡേവി പറഞ്ഞു.

സഹായം അഭ്യര്‍ഥിച്ച സ്ത്രീ പിന്നീട് അദ്ദേഹത്തോട് നന്ദി പറഞ്ഞതായും ഡേവി വ്യക്തമാക്കി. എന്നാല്‍ ആ സ്ത്രീ കുട്ടികളുടെ അമ്മയാണോയെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെയ്ന്‍ ടെയ്ലറുടെ കുടുംബത്തെ സഹായിക്കുന്നതിനായി സുഹൃത്തായ ഷാനണ്‍ ബെയ്ലിയുടെ നേതൃത്വത്തില്‍ ഗോഫണ്ട്മീ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. സംസ്‌കാരച്ചെലവുകള്‍ക്കും കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍ക്കുമായി സമാഹരിക്കുന്ന തുക വിനിയോഗിക്കുമെന്ന് ധനസമാഹരണ പേജില്‍ വ്യക്തമാക്കുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സീറ്റണ്‍ കെയര്‍വ് ബീച്ചിലെ സുരക്ഷാസംവിധാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പ്രാദേശിക ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു. നിലവില്‍ സ്‌കൂള്‍ വേനലവധിക്കാലത്ത് മാത്രമാണ് ബീച്ചില്‍ ലൈഫ്ഗാര്‍ഡുമാരെ നിയോഗിക്കുന്നത്. മേയ് മുതല്‍ സെപ്റ്റംബര്‍ അവസാനംവരെ ലൈഫ്ഗാര്‍ഡ് സേവനം ലഭ്യമാക്കണമെന്ന ആവശ്യവുമായി പൊതുജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി ആരംഭിച്ച ഹര്‍ജിക്ക് ഇതിനകം ആയിരത്തിലധികം പേര്‍ പിന്തുണ നല്‍കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window