ലണ്ടന്‍: തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയിലും ബ്രിട്ടനില്‍ ഉഷ്ണതരംഗം ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈയാഴ്ചയും താപനില 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. കടുത്ത ചൂടും വരണ്ട കാലാവസ്ഥയും തുടരുന്നതിനാല്‍ യുകെയിലെ ചില മേഖലകളില്‍ കാട്ടുതീ പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. തെക്കന്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും സൗത്ത് മിഡ്ലാന്‍ഡ്സിലെ പ്രദേശങ്ങളിലുമാണ് കാട്ടുതീ ഭീഷണി കൂടുതലെന്ന് നാച്ചുറല്‍ ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണങ്ങിയ സസ്യജാലങ്ങളും ഉയര്‍ന്ന താപനിലയും തീ വേഗത്തില്‍ പടരുന്നതിന് കാരണമാകാമെന്നാണ് വിലയിരുത്തല്‍. അതിനിടെ, അമിതമായ ചൂടിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായി ഇംഗ്ലണ്ടിലും വെയില്‍സിലുമായി രണ്ടുമാസത്തിനിടെ ഏകദേശം 2,700 പേര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു. ഇംപീരിയല്‍ കോളജ് ലണ്ടന്‍, മെറ്റ് ഓഫിസ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ എന്നിവ സംയുക്തമായി തയ്യാറാക്കിയ പഠനത്തിലാണ് ഉഷ്ണതരംഗത്തിന്റെ ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങള്‍ വ്യക്തമാക്കുന്നത്.
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസങ്ങളിലൊന്നാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചില പ്രദേശങ്ങളില്‍ താപനില 37.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഹീറ്റ് സ്‌ട്രോക്ക്, നിര്‍ജലീകരണം, ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ കടുത്ത ചൂട് കാരണമായതായും വിലയിരുത്തപ്പെടുന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുതിയ ഹീറ്റ് ഹെല്‍ത്ത് മുന്നറിയിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പ് ജൂലൈ 15 രാത്രി ഒമ്പതുവരെ പ്രാബല്യത്തില്‍ തുടരും. അമിതമായ ചൂട് ആരോഗ്യ-സാമൂഹിക പരിചരണ സേവനങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദം സൃഷ്ടിക്കാമെന്നാണ് മുന്നറിയിപ്പ്. പ്രായമായവര്‍, കുട്ടികള്‍, ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചൂടുമൂലമുള്ള അപകടസാധ്യത കൂടുതലെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ കാറ്റിനെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ താപനില കുറഞ്ഞിരുന്നെങ്കിലും ഉഷ്ണതരംഗം ഈയാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ വെയില്‍സിലും തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും താപനില 31 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.