Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കൗമാരക്കാരുടെ രാത്രികാല സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം
reporter

ലണ്ടന്‍: കൗമാരക്കാരുടെ രാത്രികാല സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യുകെ സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ നിര്‍ദേശപ്രകാരം 16-ഉം 17-ഉം വയസ്സുള്ളവര്‍ക്ക് ഇന്‍സ്റ്റാഗ്രാം, ടിക്ടോക്, യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ആറുമണിവരെ ഉപയോഗിക്കാന്‍ കഴിയില്ല. കൗമാരക്കാരുടെ ഉറക്കം മെച്ചപ്പെടുത്തുക, പഠനത്തില്‍ ശ്രദ്ധ വര്‍ധിപ്പിക്കുക, കുടുംബജീവിതത്തിന് കൂടുതല്‍ സമയം ലഭ്യമാക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഓട്ടോപ്ലേ, ഇന്‍ഫിനിറ്റ് സ്‌ക്രോളിങ് തുടങ്ങിയ ഉപയോക്താക്കളെ ദീര്‍ഘനേരം ആപ്പുകളില്‍ പിടിച്ചിരുത്തുന്ന ഫീച്ചറുകള്‍ ഡിഫോള്‍ട്ടായി പ്രവര്‍ത്തനരഹിതമാക്കണമെന്നും നിര്‍ദേശമുണ്ട്. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം പൂര്‍ണമായി നിരോധിക്കുമെന്ന ജൂണിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നിയന്ത്രണനീക്കം.

എന്നാല്‍ അക്കൗണ്ട് സെറ്റിങ്ങുകളില്‍ മാറ്റം വരുത്തി കൗമാരക്കാര്‍ക്കുതന്നെ നിയന്ത്രണം ഒഴിവാക്കാന്‍ സാധിക്കുമെന്നതിനാല്‍ പദ്ധതിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ചലഞ്ചിനെ തുടര്‍ന്ന് മകനെ നഷ്ടപ്പെട്ട സാമൂഹിക പ്രവര്‍ത്തക എലന്‍ റൂം പദ്ധതിയുടെ അപര്യാപ്തതയെ വിമര്‍ശിച്ചു. കുട്ടിയുടെ കൈയെത്തും ദൂരത്ത് മദ്യം വെച്ചശേഷം ആവശ്യമെങ്കില്‍ എടുത്തു കുടിക്കാമെന്ന് പറയുന്നതിന് സമാനമാണ് ഈ സമീപനമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വിപിഎന്‍ ഉപയോഗിച്ച് നിയന്ത്രണം മറികടക്കാന്‍ കഴിയുമെന്നതും പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം ഉയര്‍ത്തുന്നു. വിപിഎന്‍ സേവനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ നിയന്ത്രണം എത്രത്തോളം നടപ്പാക്കാനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം, രാത്രിയില്‍ മാനസിക പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് സുഹൃത്തുക്കളെയോ സഹായകേന്ദ്രങ്ങളെയോ ബന്ധപ്പെടാനുള്ള അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കൗമാരക്കാര്‍ക്ക് മതിയായ ഉറക്കവും ആരോഗ്യകരമായ ജീവിതരീതിയും ഉറപ്പാക്കാന്‍ നിയന്ത്രണം അനിവാര്യമാണെന്ന് യുകെ ടെക്‌നോളജി സെക്രട്ടറി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുന്ന 18 വയസ്സിന് താഴെയുള്ളവര്‍ക്ക് നിര്‍ബന്ധിത ഇടവേളകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ വ്യവസ്ഥകളും പരിഷ്‌കാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

 
Other News in this category

 
 




 
Close Window