ലണ്ടന്‍: കുടുംബാംഗങ്ങളെയോ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെയോ പ്രതിഫലമില്ലാതെ പരിചരിക്കുന്നവര്‍ക്ക് നല്കുന്ന കെയറേഴ്സ് അലവന്‍സ് വിതരണത്തിലെ വീഴ്ചകളെത്തുടര്‍ന്ന് നിരവധി പേര് വന്‍തുക തിരിച്ചടയ്ക്കേണ്ട പ്രതിസന്ധിയില്‍. സര്‍ക്കാര്‍ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടും ഉയര്‍ന്ന തുകയുള്ള ഓവര്‍പേയ്മെന്റ് കേസുകള്‍ വര്‍ധിച്ചതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2025-26 സാമ്പത്തികവര്‍ഷത്തില്‍ വരുമാനവുമായി ബന്ധപ്പെട്ട 32,559 ഓവര്‍പേയ്മെന്റ് കേസുകളാണ് തൊഴില്‍-പെന്ഷന് വകുപ്പ് (DWP) കണ്ടെത്തിയത്. ഇതിലൂടെ അധികമായി നല്കിയ 3.3 കോടി പൗണ്ട് തിരിച്ചുപിടിക്കാനാണ് നടപടി. 78 പേര്‍ക്ക് 20,000 പൗണ്ടിലേറെ തിരിച്ചടവ് ബാധ്യതയുണ്ട്. മുന്‍വര്‍ഷം ഇത്രയും വലിയ ബാധ്യത നേരിട്ടത് 46 പേരായിരുന്നു. ആകെ കേസുകളിലും തുകയിലും ഏകദേശം 30 ശതമാനം കുറവുണ്ടായെങ്കിലും അതിഭീമമായ കടബാധ്യത നേരിടുന്നവരുടെ എണ്ണം ഉയര്‍ന്നത് ആശങ്കയ്ക്കിടയാക്കി. കണക്കുകളുടെ വിശദാംശങ്ങള്‍.
ആഴ്ചയില്‍ കുറഞ്ഞത് 35 മണിക്കൂര്‍ പരിചരണം നല്കുന്ന അര്‍ഹരായവര്‍ക്ക് നിലവില്‍ 86.45 പൗണ്ടാണ് കെയറേഴ്സ് അലവന്‍സായി ലഭിക്കുന്നത്. ആഴ്ചയിലെ വരുമാനം 204 പൗണ്ട് എന്ന പരിധി ചെറിയ തോതില്‍ മറികടന്നാല്പോലും ആ ആഴ്ചയിലെ മുഴുവന്‍ അലവന്‍സിനുമുള്ള അര്‍ഹത നഷ്ടപ്പെടും. വരുമാനം ഒരു പെനി മാത്രം അധികമായാലും മുഴുവന്‍ അലവന്‍സും തിരിച്ചടയ്ക്കേണ്ടിവരുന്ന ഈ 'ക്ലിഫ് എഡ്ജ്' സംവിധാനമാണ് പ്രശ്നം രൂക്ഷമാക്കുന്നത്. കെയറേഴ്സ് അലവന്‍സ് ഔദ്യോഗിക വിവരങ്ങള്‍. വരുമാനത്തിലെ മാറ്റങ്ങള്‍ സമയബന്ധിതമായി കണ്ടെത്തുന്നതിലും ഗുണഭോക്താക്കളെ അറിയിക്കുന്നതിലും ഉണ്ടായ വീഴ്ചയാണ് പലരുടെയും കടബാധ്യത വര്‍ധിക്കാന്‍ കാരണമായത്. മാസങ്ങളോ വര്‍ഷങ്ങളോ അലവന്‍സ് തുടര്‍ന്നും ലഭിച്ചശേഷം നടത്തിയ പരിശോധനയിലാണ് വന്‍തുക ഓവര്പേയ്മെന്റായി രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,166 പേര്‍ക്ക് 5,000 പൗണ്ടിലേറെ തിരിച്ചടയ്ക്കേണ്ടതുണ്ട്. കെയറര്‍മാര്‍ വരുമാനമാറ്റം അറിയിക്കാത്തതോ വഞ്ചന നടത്തിയതോ മാത്രമല്ല പ്രശ്നത്തിനു കാരണമെന്ന് സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അവ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍, സങ്കീര്‍ണമായ വരുമാനനിയമങ്ങള്, സാങ്കേതിക സംവിധാനങ്ങളിലെ പോരായ്മകള്‍, മുന്നറിയിപ്പുകളില്‍ സമയബന്ധിതമായി നടപടിയെടുക്കാത്തത് തുടങ്ങിയ സംവിധാനപരമായ വീഴ്ചകളാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട്
ഇലക്ട്രോണിക് വരുമാന മുന്നറിയിപ്പുകളെല്ലാം പരിശോധിച്ച് ഓവര്‍പേയ്മെന്റ് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വലിയ കടബാധ്യതയുള്ള കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പരിഷ്കാരങ്ങളുടെ പുരോഗതി മന്ദഗതിയിലാണെന്ന വിമര്‍ശനത്തിന് കാരണമായി. 2015 ഏപ്രില്‍ 10 മുതല്‍ 2025 സെപ്റ്റംബര്‍ രണ്ടുവരെയുള്ള വരുമാനവുമായി ബന്ധപ്പെട്ട ഓവര്‍പേയ്മെന്റ് കേസുകള്‍ DWP പുനഃപരിശോധിക്കുന്നുണ്ട്. പരിശോധനയില്‍ അന്യായമായി ബാധ്യത ചുമത്തിയതായി കണ്ടെത്തിയാല്‍ കടം കുറയ്ക്കുകയോ റദ്ദാക്കുകയോ നേരത്തേ തിരിച്ചടച്ച പണം മടക്കിനല്‍കുകയോ ചെയ്യും. ബാധിതര്‍ പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്നും ആവശ്യമായവരെ വകുപ്പ് നേരിട്ട് ബന്ധപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വരുമാനവിവരങ്ങള്‍ തത്സമയം പരിശോധിക്കുന്ന സംവിധാനം നടപ്പാക്കണമെന്നും ഓവര്‍പേയ്മെന്റ് രൂപപ്പെടുന്നതിനു മുമ്പ് ഗുണഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും കെയറര്‍മാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. വരുമാനപരിധി മറികടന്നാല്‍ അലവന്‍സ് പൂര്‍ണമായി നിര്‍ത്തുന്ന നിലവിലെ രീതിക്കുപകരം വരുമാനം ഉയരുന്നതിനനുസരിച്ച് അലവന്‍സ് ക്രമേണ കുറയുന്ന 'ഏണിങ്സ് ടേപ്പര്‍' സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.