വെയില്‍സ്: മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും സ്വാധീനത്തില്‍ വാഹനമോടിച്ച് 13കാരന്റെ മരണത്തിനിടയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍ രണ്ടുവര്‍ഷം പോലും പൂര്‍ത്തിയാകുന്നതിന് മുന്‍പ് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന വിവരം പുറത്തുവന്നതോടെ പ്രതിഷേധവുമായി കുട്ടിയുടെ കുടുംബം. ഗുരുതരമായ കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ ഇത്രയും വേഗം സമൂഹത്തിലേക്ക് തിരിച്ചെത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. 2024 ഫെബ്രുവരി 29ന് റോണ്‍ഡ കനോണ്‍ ടാഫിലെ ഹിര്‍വാനിലുള്ള ബ്രെക്കണ്‍ റോഡിലായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം യുവജനകേന്ദ്രത്തിലേക്ക് നടന്നുപോകുകയായിരുന്ന 13കാരന്‍ കെയ്ലന്‍ ഹിപ്സ്ലിയെ ഹാര്‍ലി വൈറ്റ്മാന്‍ ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കെയ്ലന്‍ മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയില്‍ മരിച്ചു. അപകടത്തിന് മുന്‍പ് വൈറ്റ്മാന്‍ മദ്യപിക്കുകയും കൊക്കെയ്ന്‍ ഉപയോഗിക്കുകയും ചെയ്തിരുന്നതായി കോടതിയില്‍ തെളിഞ്ഞിരുന്നു. മറ്റൊരു വാഹനത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ നടപ്പാതയിലേക്ക് കയറി കെയ്ലനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ വൈറ്റ്മാന്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പിന്നീട് തിരിച്ചെത്തിയെങ്കിലും കെയ്ലനെ സഹായിക്കാനെത്തിയവരോട് ഇയാള്‍ മോശമായി പെരുമാറിയതായും കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ആദ്യം ആറുവര്‍ഷവും ഒന്‍പത് മാസവും തടവുശിക്ഷയാണ് വൈറ്റ്മാന് വിധിച്ചത്. ഡ്രൈവിങ് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശിക്ഷ കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി കെയ്ലന്റെ കുടുംബം അപ്പീല്‍ നല്‍കി. തുടര്‍ന്ന് 2024 ജൂലൈയില്‍ ഹൈക്കോടതി ശിക്ഷ ഒന്‍പത് വര്‍ഷമായി ഉയര്‍ത്തി. എന്നാല്‍ പുതിയ സെന്റന്‍സിങ് നിയമപ്രകാരം ശിക്ഷാ വ്യവസ്ഥകള്‍ പുനഃപരിശോധിച്ചതോടെ വൈറ്റ്മാന്റെ ശിക്ഷ നാലുവര്‍ഷമായി കുറച്ചതായാണ് കുടുംബത്തെ അറിയിച്ചത്. ഇതോടെ ശിക്ഷയുടെ പകുതി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഈ ശരത്കാലത്ത് ലൈസന്‍സ് വ്യവസ്ഥകളോടെ ഇയാള്‍ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് വിവരം.
ഈ തീരുമാനം കുടുംബത്തിന് മറ്റൊരു വലിയ ആഘാതമായിരിക്കുകയാണ്. ''രണ്ടുവര്‍ഷത്തിന് ശേഷം അവന്‍ വീണ്ടും സമൂഹത്തിലേക്ക് തിരിച്ചുവരുമെന്നത് വിശ്വസിക്കാനാകുന്നില്ല. കെയ്ലന് 13 വയസ്സ് മാത്രമായിരുന്നു. അവന് ഇനി ജീവിതമില്ല. എന്നാല്‍ പ്രതിക്ക് ജീവിതകാലം മുഴുവന്‍ മുന്നിലുണ്ട്,'' കെയ്ലന്റെ ബന്ധുവായ ജൂലി ക്രെയ്ഗ് പറഞ്ഞു. കെയ്ലന്റെ നിയമപരമായ രക്ഷിതാവായിരുന്ന മുത്തശ്ശി അപകടത്തിന് ശേഷം കടുത്ത മാനസികാഘാതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കുടുംബം വ്യക്തമാക്കി. കെയ്ലന്റെ മരണത്തിന്റെ വേദനയില്‍നിന്ന് കുടുംബം ഇനിയും കരകയറിയിട്ടില്ലെന്നും അതിനിടെയാണ് പ്രതിയുടെ നേരത്തേയുള്ള മോചനവാര്‍ത്ത പുറത്തുവന്നതെന്നും ബന്ധുക്കള്‍ പറയുന്നു. വൈറ്റ്മാന്റെ നേരത്തേയുള്ള മോചനം തടയണമെന്നാവശ്യപ്പെട്ട് കുടുംബം ഓണ്‍ലൈന്‍ ഹര്‍ജിയും ആരംഭിച്ചിട്ടുണ്ട്. ശിക്ഷയില്‍ വീണ്ടും മാറ്റം വരുത്തണമെന്നും കെയ്ലന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ പ്രചാരണം. അതേസമയം, ജയിലുകളിലെ ശേഷി പരിമിതമായ സാഹചര്യത്തില്‍ തടവുകാരുടെ ശിക്ഷയും മോചനക്രമവും സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്നാണ് ബ്രിട്ടിഷ് നീതിന്യായ മന്ത്രാലയത്തിന്റെ നിലപാട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജയില്‍ സംവിധാനത്തിലെ സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ കെയ്ലന്റെ കുടുംബത്തിന് വിഷയം ജയില്‍ശേഷിയുടെയോ നിയമപരിഷ്‌കാരങ്ങളുടെയോ കണക്കുകളല്ല. 13 വയസ്സില്‍ നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ജീവിതവും അതിന് ഉത്തരവാദിയായ വ്യക്തി രണ്ടുവര്‍ഷത്തിനുള്ളില്‍ വീണ്ടും സ്വതന്ത്രനാകുമെന്ന യാഥാര്‍ഥ്യവുമാണ് അവരുടെ മുന്നിലുള്ളത്.