Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ഒറ്റ കുഞ്ഞന്‍ ബോട്ടില്‍ 230 പേര്‍; ഇംഗ്ലിഷ് ചാനല്‍ കടന്നതില്‍ പുതിയ റെക്കോര്‍ഡ്
reporter

ലണ്ടന്‍: ഇംഗ്ലിഷ് ചാനല്‍ കടന്ന് ഒരൊറ്റ കുഞ്ഞന്‍ ബോട്ടില്‍ 230 പേര്‍ ബ്രിട്ടനിലെത്തി. ഒരു ചെറുബോട്ടില്‍ ഇത്രയും പേര്‍ ചാനല്‍ കടക്കുന്നത് ഇതാദ്യമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ഓടെ ബോട്ട് ഡോവറില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈയില്‍ 165 പേര്‍ ഒരൊറ്റ ബോട്ടില്‍ ചാനല്‍ കടന്നതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഫ്രാന്‍സിന്റെ വടക്കന്‍ തീരത്തുനിന്ന് പുറപ്പെട്ട ബോട്ടിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആളുകള്‍ തിങ്ങിനിറഞ്ഞതിനാല്‍ പലര്‍ക്കും കാലുകള്‍ ബോട്ടിന് പുറത്തേക്ക്, വെള്ളത്തിലേക്ക് തൂക്കിയിട്ടാണ് യാത്ര ചെയ്യേണ്ടിവന്നത്. കൂടുതല്‍ ആളുകളെ ഒരേ ബോട്ടില്‍ കുത്തിനിറച്ച് കടത്തുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ നടപടി അതീവ അപകടകരമാണെന്ന് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. അതേസമയം, ഈ വര്‍ഷം ഇംഗ്ലിഷ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്തുന്നവരുടെ ആകെ എണ്ണത്തില്‍ കുറവുണ്ടായതായി അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ചാനല്‍ കടന്നെത്തിയവരുടെ എണ്ണം 43 ശതമാനവും വിജയകരമായി കടന്ന ബോട്ടുകളുടെ എണ്ണം 49 ശതമാനവും കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഓരോ ബോട്ടിലും കയറ്റുന്ന ആളുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതാണ് പുതിയ ആശങ്ക. 2018ല്‍ ഒരു ബോട്ടില്‍ ശരാശരി ഏഴുപേര്‍ മാത്രമായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 62 ആയി ഉയര്‍ന്നു. ഈ മാസം തന്നെ 173 പേരുമായി സഞ്ചരിച്ച മറ്റൊരു ബോട്ടിന് തീപിടിച്ച് യാത്രക്കാര്‍ അപകടത്തിലായ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രാന്‍സുമായുള്ള സഹകരണം ശക്തമാക്കി ചെറുബോട്ടുകളും ബോട്ട് എന്‍ജിനുകളും മനുഷ്യക്കടത്ത് സംഘങ്ങളുടെ കൈകളിലെത്തുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനുശേഷം 1,100 ബോട്ടുകള്‍ പിടിച്ചെടുത്തതായും ഏകദേശം 47,000 അനധികൃത ചാനല്‍ കടക്കല്‍ ശ്രമങ്ങള്‍ തടഞ്ഞതായും സര്‍ക്കാര്‍ അവകാശപ്പെട്ടു. ചാനല്‍ കടക്കാനുള്ള ശ്രമങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, ഒരൊറ്റ ബോട്ടില്‍ കൂടുതല്‍ ആളുകളെ കയറ്റുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ പുതിയ രീതി യാത്രക്കാരുടെ ജീവന് കൂടുതല്‍ ഭീഷണിയാകുന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window