Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
പിസി ഹാര്‍പ്പറിന്റെ കൊലപാതകികള്‍ക്ക് നേരത്തെയുള്ള മോചനം തടയാന്‍ സര്‍ക്കാര്‍ നീക്കം
reporter

ലണ്ടന്‍: പൊലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹാര്‍പ്പറിന്റെ കൊലപാതകികള്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഗുരുതര കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നേരത്തെയുള്ള മോചനം ഒഴിവാക്കുന്നതിനുള്ള വിശദമായ പദ്ധതി സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഹൗസിങ് സെക്രട്ടറി ആഞ്ചല റെയ്നര്‍ അറിയിച്ചു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളിലെ അമിത തിരക്ക് പരിഹരിക്കുന്നതിനായി തടവുകാരെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കുന്ന പുതിയ സംവിധാനം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍. ഇതിന്റെ ആനുകൂല്യം പിസി ഹാര്‍പ്പറിന്റെ കൊലപാതകികള്‍ക്കും ലഭിച്ചേക്കുമെന്ന ആശങ്ക ശക്തമായിരുന്നു. 2019 ഓഗസ്റ്റിലാണ് 28 വയസ്സുകാരനായ പിസി ആന്‍ഡ്രൂ ഹാര്‍പ്പര്‍ കൊല്ലപ്പെട്ടത്. ബെര്‍ക്ഷയറില്‍ ക്വാഡ് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്ന സംഘത്തെ പിന്തുടരുന്നതിനിടെ കാറിന് പിന്നില്‍ കെട്ടിയിരുന്ന കയറില്‍ കുടുങ്ങിയ ഹാര്‍പ്പര്‍ റോഡിലൂടെ വലിച്ചിഴക്കപ്പെടുകയായിരുന്നു. കേസില്‍ ജെസ്സി കോള്‍, ആല്‍ബര്‍ട്ട് ബോവേഴ്‌സ് എന്നിവര്‍ക്ക് 2020ല്‍ 13 വര്‍ഷം വീതം തടവുശിക്ഷ ലഭിച്ചു.

പുതിയ വ്യവസ്ഥ പ്രകാരം ശിക്ഷയുടെ പകുതി പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ജനുവരി മുതല്‍ ഇവര്‍ മോചനത്തിന് അര്‍ഹരാകുമെന്നായിരുന്നു ആശങ്ക. നേരത്തെ ഗുരുതരമായ അക്രമ, ലൈംഗിക കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ സാധാരണയായി ശിക്ഷയുടെ കുറഞ്ഞത് മൂന്നില്‍ രണ്ടു ഭാഗം ജയിലില്‍ കഴിയേണ്ട സാഹചര്യമുണ്ടായിരുന്നു. ഏറ്റവും ഗുരുതരമായ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരെ നേരത്തെ മോചിപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ജയിലുകളില്‍ കൂടുതല്‍ സ്ഥലം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് റെയ്നര്‍ പറഞ്ഞു. വിദേശ തടവുകാരെ വേഗത്തില്‍ നാടുകടത്തല്‍, വനിതാ തടവുകാര്‍ക്കുള്ള ശിക്ഷാ സംവിധാനങ്ങള്‍, മുന്‍കാലങ്ങളില്‍ വിധിച്ച അനിശ്ചിതകാല തടവുശിക്ഷകള്‍ തുടങ്ങിയ വിഷയങ്ങളും അവലോകനം ചെയ്യപ്പെടുന്നുണ്ട്.

അപകടകാരികളായ കുറ്റവാളികളെ നേരത്തെ ജയിലില്‍നിന്ന് പുറത്തിറക്കുന്നത് പ്രധാനമന്ത്രി അംഗീകരിക്കുന്നില്ലെന്നും പിസി ഹാര്‍പ്പറിന്റെ കുടുംബത്തിന് ഇത് സൃഷ്ടിക്കുന്ന മാനസിക ആഘാതം അംഗീകരിക്കാനാവാത്തതാണെന്നും റെയ്നര്‍ പറഞ്ഞു. ഗുരുതര കുറ്റവാളികളെ കൂടുതല്‍ കാലം ജയിലില്‍ തുടരാന്‍ സഹായിക്കുന്ന പദ്ധതി നീതിന്യായ സെക്രട്ടറി അലക്‌സ് നോറിസ് സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഭാവിയില്‍ ജയിലുകളിലെ അമിത തിരക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ ജയിലുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. അതേസമയം, പിസി ഹാര്‍പ്പറിന്റെ കൊലപാതകികളെ നേരത്തെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് തെയിംസ് വാലി പൊലീസ് ഫെഡറേഷന്‍ അധ്യക്ഷ ഐലീന്‍ ഒ'കോണര്‍ ആരംഭിച്ച ഹര്‍ജിക്ക് ഒന്‍പത് ലക്ഷത്തിലധികം പേരുടെ പിന്തുണ ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും വിഷയത്തില്‍ വലിയ ആശങ്കയുണ്ടെന്നതിന്റെ തെളിവാണ് ഹര്‍ജിക്ക് ലഭിച്ച പിന്തുണയെന്ന് ഒ'കോണര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ നീക്കം പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും പൂര്‍ണമായി ആശ്വസിക്കാനായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

പിസി ഹാര്‍പ്പറിന്റെ മാതാവ് ഡെബി അഡ്ലം വിഷയത്തില്‍ വ്യക്തമായ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടു. മകന്റെ കൊലപാതകികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നല്ല തന്റെ ആവശ്യമെന്നും കോടതി വിധിച്ച ശിക്ഷ അവര്‍ അനുഭവിക്കണമെന്നുമാണ് നിലപാടെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് കഴിഞ്ഞ രാത്രി ഫോണ്‍ ലഭിച്ചതായും കൊലപാതകികളെ ജയിലില്‍ തന്നെ തുടരാന്‍ അനുവദിക്കുന്ന പരിഹാരം കണ്ടെത്താനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ടെന്ന് അറിയിച്ചതായും അഡ്ലം വെളിപ്പെടുത്തി. അതേസമയം, പ്രതിപക്ഷ നേതാവ് കിമി ബാഡനോക്കും വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി. പിസി ഹാര്‍പ്പറിന്റെ കൊലപാതകികള്‍ക്ക് നേരത്തെയുള്ള മോചനം ലഭിക്കുന്നത് തടയാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് അവരുടെ ആവശ്യം.

 
Other News in this category

 
 




 
Close Window