ബര്‍മിങ്ങാം: ബ്രിട്ടന് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന യൂറോപ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ട്രാക്കിലെ പോരാട്ടങ്ങള്‍ ആവേശകരമാകുമ്പോഴും സ്റ്റേഡിയത്തിലെ ഒഴിഞ്ഞ സീറ്റുകള്‍ സംഘാടകര്‍ക്ക് ആശങ്കയാകുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് കാണികളുടെ എണ്ണം കുറയാന്‍ പ്രധാന കാരണമെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ശക്തമാകുന്നത്. തിങ്കളാഴ്ച രാത്രി നടന്ന വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ ബ്രിട്ടന്റെ ആമി ഹണ്ട് കിരീടം നേടിയപ്പോള്‍ 23,000 പേര്‍ക്ക് ഇരിക്കാവുന്ന അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ എത്തിയത് 13,623 പേര് മാത്രമായിരുന്നു. ഇതോടെ ഏകദേശം 10,000 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. ടിക്കറ്റ് നിരക്കിനെതിരെ ആരാധകരില്‍നിന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. തിങ്കളാഴ്ച മികച്ച സീറ്റുകള്‍ക്ക് £150 വരെ ഈടാക്കിയപ്പോള്‍, ചൊവ്വാഴ്ച നടക്കുന്ന പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനലിനുള്ള സമാന സീറ്റുകളുടെ നിരക്ക് £110 ആയിരുന്നു. 2024ല്‍ റോമില്‍ നടന്ന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സമാന ടിക്കറ്റിന് ഏകദേശം £75 മാത്രമായിരുന്നുവെന്നാണ് താരതമ്യം.
മുന്‍ ബ്രിട്ടിഷ് ഒളിംപ്യന്‍ ഷാരണ്‍ ഡേവിസും ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ചു. സ്റ്റേഡിയത്തിനുള്ളിലെ ഭക്ഷണവിലയും അവര്‍ ചൂണ്ടിക്കാട്ടി. പോര്‍ക്ക് റോളിന് £18.50യും ഹോട്ട് ഡോഗിന് £15യും ഈടാക്കുന്നതും ആരാധകര്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നുവെന്നാണ് വിമര്‍ശനം. ദേശീയ മാധ്യമങ്ങളിലെ കമന്റേറ്റര്‍മാരും കുറഞ്ഞ കാണിസാന്നിധ്യത്തില് നിരാശ പ്രകടിപ്പിച്ചു. മുന്‍ താരം കൂടിയായ കമന്റേറ്റര്‍ സ്റ്റീവ് ക്രാം, സ്റ്റേഡിയത്തിലെ ഒഴിഞ്ഞ സീറ്റുകള്‍ നിരാശപ്പെടുത്തുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ആഴ്ചമധ്യേ നടക്കുന്ന മത്സരങ്ങള്‍ക്ക് £110 പോലുള്ള ടിക്കറ്റ് നിരക്ക് സാധാരണ ആരാധകര്‍ക്ക് താങ്ങാനാകുന്നതല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. യാത്രയും താമസച്ചെലവും കൂടി വരുമ്പോള്‍ കുടുംബമായി മത്സരം കാണാനെത്തുന്നത് വലിയ ചെലവാകുന്നുവെന്ന പരാതിയും ശക്തമാണ്. അതേസമയം, ടിക്കറ്റ് വില്പനയില് തൃപ്തരാണെന്നാണ് സംഘാടകരുടെ നിലപാട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ വൈകുന്നേര സെഷനുകള്‍ ഏകദേശം പൂര്‍ണമായും വിറ്റുതീര്‍ന്നതായി അവര്‍ വ്യക്തമാക്കി. ചാംപ്യന്‍ഷിപ്പിലെ പകുതിയോളം ടിക്കറ്റുകള്‍ £30ല്‍ താഴെയാണെന്നും നാലംഗ കുടുംബത്തിന് £30 മുതല്‍ മത്സരങ്ങള്‍ കാണാനാകുന്ന പാക്കേജുകള്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു. മത്സരങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതോടെ കാണികളുടെ എണ്ണം ഉയരുമെന്നാണ് സംഘാടകരുടെയും ബ്രിട്ടിഷ് സംസ്കാര സെക്രട്ടറി ലിസ നാണ്ടിയുടെയും പ്രതീക്ഷ.