Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
ട്യൂബ് ട്രെയിനില്‍ ലേബര്‍ എംപിയെ തടഞ്ഞ് ഭീഷണിപ്പെടുത്തി; 63കാരന്‍ കുറ്റക്കാരനെന്ന് കോടതി
reporter

ലണ്ടന്‍: ലണ്ടനിലെ വാള്‍താംസ്റ്റോ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബര്‍ എംപി സ്റ്റല്ല ക്രേസിയെ ട്യൂബ് ട്രെയിനില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ 63കാരനായ ക്ലിഫോര്‍ഡ് വില്‍ബി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് വിക്ടോറിയ ലൈന്‍ ട്രെയിനില്‍ വാള്‍താംസ്റ്റോ സെന്‍ട്രലിനും ഫിന്‍സ്ബറി പാര്‍ക്കിനുമിടയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ട്രെയിനില്‍ ക്രേസിയെ സമീപിച്ച വില്‍ബി, കത്തി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും എംപിയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകളെന്ന് ആരോപിച്ച കാര്യങ്ങളും ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ എംപിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും തുടങ്ങി. ട്രെയിനില്‍നിന്ന് പുറത്തുപോകാന്‍ കഴിയാത്തവിധം വില്‍ബി തന്റെ മുന്നില്‍ തടസ്സമായി നിന്നുവെന്നാണ് ക്രേസി കോടതിയില്‍ മൊഴി നല്‍കിയത്. വളരെ അടുത്തുനിന്ന് ഉച്ചത്തില്‍ സംസാരിച്ച ഇയാളുടെ പെരുമാറ്റം ക്രമേണ ആക്രമണസ്വഭാവത്തിലേക്ക് മാറിയെന്നും അവര്‍ പറഞ്ഞു. സംസാരിക്കാന്‍ അനുയോജ്യമായ സാഹചര്യമല്ലെന്ന് താന്‍ വ്യക്തമായി പറഞ്ഞിരുന്നുവെന്നും സംഭാഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും വില്‍ബി പിന്മാറിയില്ലെന്നും ക്രേസി കോടതിയെ അറിയിച്ചു. ട്രെയിനിന്റെ വാതിലിനരികിലേക്ക് പിന്നോട്ടുമാറിയ തനിക്ക്, ഇയാളെ അകറ്റിനിര്‍ത്താന്‍ കൈകള്‍ ഉയര്‍ത്തേണ്ടിവന്നതായും അവര്‍ വ്യക്തമാക്കി.

യാത്രക്കാര്‍ ഇടപെട്ടു; മറ്റൊരു വാതിലിലൂടെ എംപി രക്ഷപ്പെട്ടു

സ്ഥിതി വഷളാകുന്നത് ശ്രദ്ധിച്ച സഹയാത്രികരാണ് ഒടുവില്‍ ഇടപെട്ടത്. ഒരാള്‍ ക്രേസിക്കും വില്‍ബിക്കും ഇടയില്‍ കയറി നിന്നു. മറ്റൊരു സ്ത്രീ വില്‍ബിയോട് പെരുമാറ്റം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ക്രേസിയോട് തന്റെ സമീപത്ത് ഇരിക്കാന്‍ പറയുകയും ചെയ്തു. മറ്റ് യാത്രക്കാര്‍ വില്‍ബിയുടെ ശ്രദ്ധ തിരിച്ചതോടെ ഫിന്‍സ്ബറി പാര്‍ക്കില്‍ മറ്റൊരു വാതിലിലൂടെ ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ കഴിഞ്ഞതായി ക്രേസി കോടതിയില്‍ പറഞ്ഞു. ക്രേസിയും വില്‍ബിയും ആദ്യമായി കണ്ടത് 2024ല്‍ എംപിയുടെ ഔദ്യോഗിക ചുമതലയുടെ ഭാഗമായി നടന്ന ഒരു സൂം യോഗത്തിലായിരുന്നു. മറ്റൊരാളുടെ പരാതിയുമായി ബന്ധപ്പെട്ട വിഷയമാണ് അന്ന് വില്‍ബി ഉന്നയിച്ചത്. എന്നാല്‍ മറ്റൊരാളുടെ വ്യക്തിഗത കേസ് സംബന്ധിച്ച് സംസാരിക്കാന്‍ കഴിയില്ലെന്ന് ക്രേസി വ്യക്തമാക്കിയതോടെ വില്‍ബി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും അധിക്ഷേപകരമായി പെരുമാറുകയും ചെയ്തതായി കോടതി കേട്ടു.

'സ്വന്തം സുരക്ഷയ്ക്കാണ് വിഡിയോ എടുത്തത്'- പ്രതിയുടെ വാദം

ട്യൂബ് ട്രെയിനില്‍ ക്രേസിയുമായുള്ള പഴയ സംഭാഷണം തുടരാനാണ് ശ്രമിച്ചതെന്നാണ് വില്‍ബി കോടതിയില്‍ വാദിച്ചത്. ക്രേസി പ്രകോപിതയായതില്‍ താന്‍ ഞെട്ടിയെന്നും സ്വന്തം സുരക്ഷയ്ക്കായാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഇയാള്‍ പറഞ്ഞു. എംപിയുടെ വഴി തടഞ്ഞിട്ടില്ലെന്നും ആദ്യം സംഭാഷണം ആരംഭിച്ചത് താനാണെന്ന ആരോപണവും വില്‍ബി നിഷേധിച്ചു. എന്നാല്‍ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രതിയുടെ വാദങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ക്രേസിയുടെ വികാരങ്ങള്‍ക്ക് താന്‍ പ്രാധാന്യം നല്‍കുന്നില്ലെന്ന തരത്തില്‍ വില്‍ബി സംസാരിച്ചതും ദൃശ്യങ്ങളില്‍ വ്യക്തമായതായി കോടതി ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി ചീഫ് മജിസ്‌ട്രേറ്റ് ടാന്‍ ഇക്രാം, ക്രേസി ആവര്‍ത്തിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വില്‍ബി അത് അവഗണിച്ചുവെന്ന് നിരീക്ഷിച്ചു. പ്രതിയുടെ സ്വന്തം വാക്കുകളില്‍നിന്നുതന്നെ ഇത് വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവസമയത്ത് മറ്റ് യാത്രക്കാര്‍ ഇടപെട്ടത് ക്രേസിയുടെ സുരക്ഷയെക്കുറിച്ച് അവര്‍ക്കും ആശങ്കയുണ്ടായിരുന്നുവെന്നതിന്റെ തെളിവാണെന്നും കോടതി വ്യക്തമാക്കി. കേസില്‍ വില്‍ബിക്കുള്ള ശിക്ഷ സെപ്റ്റംബര്‍ 8ന് പ്രഖ്യാപിക്കും.

 
Other News in this category

 
 




 
Close Window