ലണ്ടന്‍: യുകെയിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നാണയമോ കാര്‍ഡോ ഉപയോഗിച്ച് പണമടയ്ക്കുന്ന പരമ്പരാഗത സംവിധാനങ്ങള്‍ ഒഴിവാക്കി മൊബൈല്‍ ആപ്പുകളിലേക്ക് മാറുന്നത് മുതിര്‍ന്ന ഡ്രൈവര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ആപ്പ് ശരിയായി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പിഴ ലഭിക്കുമോ എന്ന ആശങ്കയ്ക്കൊപ്പം വ്യാജ ക്യൂആര്‍ കോഡുകളിലൂടെയുള്ള തട്ടിപ്പും ഡ്രൈവര്‍മാരെ ഭയപ്പെടുത്തുന്നു. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തില്‍ പരിചയമുള്ളവര്‍ക്ക് പോലും വ്യത്യസ്ത പാര്‍ക്കിങ് ആപ്പുകളുടെ സങ്കീര്‍ണത പ്രശ്നമാകുന്നതായാണ് റിപ്പോര്‍ട്ട്. സഫോക്കിലെ ബറി സെന്റ് എഡ്മണ്ട്സില്‍ നിന്നുള്ള 89കാരനായ റോളണ്ട് നൈസിന് പാര്‍ക്കിങ് ഫീസ് എങ്ങനെ അടയ്ക്കണമെന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് 60 പൗണ്ട് ചാര്‍ജ് ലഭിച്ചു. പാര്‍ക്കിങ് സംവിധാനം മനസ്സിലാകാത്തതിനാല്‍ വാഹനം പാര്‍ക്ക് ചെയ്യാതെ അദ്ദേഹം അവിടെനിന്ന് മടങ്ങിയെങ്കിലും പിന്നീട് ചാര്‍ജ് ലഭിക്കുകയായിരുന്നു. ആര്‍എസിയുടെ കണക്കുകള്‍ പ്രകാരം 2025-26 കാലയളവില്‍ സ്വകാര്യ പാര്‍ക്കിങ് കമ്പനികള്‍ റെക്കോര്‍ഡ് 1.69 കോടി പാര്‍ക്കിങ് ചാര്‍ജുകളാണ് നല്‍കിയിരിക്കുന്നത്. ഇവയെല്ലാം മുതിര്‍ന്നവരുടെ ഡിജിറ്റല്‍ പരിജ്ഞാനക്കുറവുമായി ബന്ധപ്പെട്ടതല്ലെങ്കിലും പാര്‍ക്കിങ് സംവിധാനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം പ്രായമായ ഡ്രൈവര്‍മാരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്.
എസെക്സിലെ കെല്വെഡണില് നിന്നുള്ള 79കാരിയായ ആഞ്ചല കാരുതേഴ്സ് വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന കോള്‍ചെസ്റ്ററിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ ടിക്കറ്റ് മെഷീന് മാറ്റി ആപ്പ് വഴി മാത്രം പണമടയ്ക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയതായി പറഞ്ഞു. എന്നാല്‍ ആപ്പ് പ്രവര്‍ത്തിക്കാത്തതിനാല്‍ പണമടയ്ക്കാനായില്ലെന്നും 100 പൗണ്ട് ചാര്‍ജ് ലഭിക്കുമോ എന്ന ആശങ്കയിലാണെന്നും അവര്‍ വ്യക്തമാക്കി. പാര്‍ക്കിങ് ആപ്പുകള്‍ നിര്‍ബന്ധമായുള്ള സ്ഥലങ്ങള്‍ തന്നെ ഒഴിവാക്കാറുണ്ടെന്ന് 69കാരനായ പോള്‍ ചേംബര്ലെയ്ന് പറഞ്ഞു. പല ആപ്പുകളും ക്യൂആര്‍ കോഡുകള്‍ ആശ്രയിക്കുന്നതിനാല്‍ വ്യാജ കോഡുകള്‍ പതിച്ച് ആളുകളുടെ ബാങ്ക് വിവരങ്ങള്‍ തട്ടിയെടുക്കുന്ന സംഭവങ്ങളാണ് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹെര്‍ട്ഫോര്‍ഡ്ഷയറിലെ ലെച്ച്വര്‍ത്തില്‍ നിന്നുള്ള 72കാരിയായ സാറ മാര്‍ട്ടിനെല്ലിക്കും സമാന അനുഭവമാണുണ്ടായത്. നാണയവും കാര്‍ഡും ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പാര്‍ക്കിങ് ആപ്പ് ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അപ്പോയിന്റ്മെന്റിന് വൈകിയതിനാല്‍ വാഹനം പാര്‍ക്ക് ചെയ്ത് പോയ അവര്‍ മടങ്ങിയെത്തിയപ്പോള്‍ 100 പൗണ്ട് ചാര്‍ജ് ലഭിച്ചതായി പറഞ്ഞു. നോര്‍താംപ്ടണ്‍ ജനറല്‍ ആശുപത്രിയിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ സ്ഥലം കണ്ടെത്താന്‍ 40 മിനിറ്റോളം കറങ്ങിയ 75കാരിയായ ലിസ് പ്രിച്ചാര്ഡിനും ചാര്‍ജ് ലഭിച്ചു. വാഹനം 90 മിനിറ്റിലധികം പാര്‍ക്കിങ് സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന രേഖയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ അവര്‍ നല്കിയ അപ്പീല്‍ അംഗീകരിച്ചതോടെ ചാര്‍ജ് പിന്നീട് റദ്ദാക്കി.
ഓരോ പാര്‍ക്കിങ് സ്ഥലത്തും വ്യത്യസ്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട സാഹചര്യം മുതിര്‍ന്നവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതായി പ്രിച്ചാര്‍ഡ് പറഞ്ഞു. രാജ്യത്തെ എല്ലാ പാര്‍ക്കിങ് കേന്ദ്രങ്ങളിലും ഉപയോഗിക്കാവുന്ന ഒരൊറ്റ ആപ്പ് ഉണ്ടായിരുന്നെങ്കില്‍ പ്രശ്നത്തിന് വലിയൊരു പരിഹാരമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. തെറ്റായ വാഹന രജിസ്ട്രേഷന് നമ്പര്‍ നല്കി പാര്‍ക്കിങ് ബുക്ക് ചെയ്തതിനെ തുടര്‍ന്ന് 79കാരനായ ഹ്യൂ ടേണര്‍ക്കും 100 പൗണ്ട് ചാര്‍ജ് ലഭിച്ചു. പാര്‍ക്കിങ് ഫീസ് കൃത്യമായി നല്‍കിയിരുന്നെങ്കിലും രജിസ്ട്രേഷന് നമ്പറിലെ പിഴവ് ചൂണ്ടിക്കാട്ടി ആദ്യ അപ്പീല്‍ നിരസിക്കുകയായിരുന്നു. പിന്നീട് ചാര്‍ജ് 20 പൗണ്ടായി കുറച്ചു. ബെഡ്ഫോര്‍ഡ്ഷയറിലെ ക്ലാഫമില് നിന്നുള്ള 81കാരനായ ചാള്‍സ് കുക്കിനും സമാന അനുഭവമുണ്ടായി. പാര്‍ക്കിങ് മുന്‍കൂട്ടി ബുക്ക് ചെയ്ത് പണമടച്ചിരുന്നെങ്കിലും അബദ്ധത്തില്‍ മറ്റൊരു പാര്‍ക്കിങ് മേഖലയില്‍ വാഹനം നിര്‍ത്തിയതിനെ തുടര്‍ന്ന് ചാര്‍ജ് ഈടാക്കി. സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ ആരെയും ദൈനംദിന ജീവിതത്തിലെ അവശ്യ സേവനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തരുതെന്ന് ഓള്‍ഡ് ഡ്രൈവേഴ്സ് ഫോറം സ്ഥാപകനും ചെയര്‍മാനുമായ റോബ് ഹേര്‍ഡ് എംബിഇ ആവശ്യപ്പെട്ടു. എല്ലാവര്ക്കും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാനാകുമെന്ന ധാരണയില്‍ അടിസ്ഥാന സേവനങ്ങള്‍ രൂപകല്പന ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ പാര്‍ക്കിങ് കമ്പനികള്‍ ഈടാക്കുന്ന തുക സര്‍ക്കാര്‍ ചുമത്തുന്ന പിഴയല്ലെന്ന് നിയമവിദഗ്ധന് ഗാരി റൈക്രോഫ്റ്റ് വ്യക്തമാക്കി. വാഗ്ദാനം ചെയ്ത സേവനം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ പാര്‍ക്കിങ് ചാര്‍ജിനെതിരെ ഉപഭോക്താക്കള്‍ക്ക് നിയമപരമായി ചോദ്യം ഉയര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായി ചാര്‍ജ് ഈടാക്കിയതായി കരുതുന്നവര്‍ ആദ്യം ബന്ധപ്പെട്ട പാര്‍ക്കിങ് കമ്പനിക്ക് അപ്പീല്‍ നല്‍കണമെന്നും തുടര്‍ന്ന് ആവശ്യമെങ്കില്‍ സ്വതന്ത്ര അഡ്ജുഡിക്കേറ്ററെ സമീപിക്കണമെന്നും ഇന്റര്‍നാഷണല്‍ പാര്‍ക്കിങ് കമ്മ്യൂണിറ്റി നിര്‍ദേശിച്ചു. പ്രായമോ ഡിജിറ്റല്‍ പരിജ്ഞാനമോ പരിഗണിക്കാതെ എല്ലാവര്ക്കും എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന രീതിയിലായിരിക്കണം പാര്‍ക്കിങ് സംവിധാനങ്ങളെന്ന് ബ്രിട്ടിഷ് പാര്‍ക്കിങ് അസോസിയേഷനും വ്യക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത ആപ്പുകള്‍ ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ നാഷണല്‍ പാര്‍ക്കിങ് പ്ലാറ്റ്ഫോം പോലുള്ള ഏകീകൃത സംവിധാനങ്ങള്‍ സഹായകരമാകുമെന്നും അസോസിയേഷന് അറിയിച്ചു.