Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.866 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 01st Sep 2026
 
 
UK Special
  Add your Comment comment
ഇംഗ്ലിഷ് ചാനലില്‍ റഷ്യന്‍ കപ്പലുകളെ മൂന്ന് ദിവസം നിരീക്ഷിച്ച് റോയല്‍ നേവി; 'ഷാഡോ ഫ്‌ലീറ്റിനും' കര്‍ശന നിരീക്ഷണം
reporter

ലണ്ടന്‍: ഇംഗ്ലിഷ് ചാനലിലും നോര്‍ത്ത് സീയിലും സഞ്ചരിച്ച റഷ്യന്‍ നാവികസേനാ കപ്പലുകളെയും റഷ്യയുടെ 'ഷാഡോ ഫ്‌ലീറ്റ്' വിഭാഗത്തില്‍പ്പെടുന്ന ഉപരോധിത ചരക്കുകപ്പലുകളെയും മൂന്ന് ദിവസം നിരീക്ഷിച്ച് ബ്രിട്ടന്റെ റോയല്‍ നേവി. കഴിഞ്ഞ ആഴ്ച നടന്ന ദൗത്യത്തില്‍ മൂന്ന് റോയല്‍ നേവി യുദ്ധക്കപ്പലുകളും ഒരു മെര്‍ലിന്‍ ഹെലികോപ്റ്ററും പങ്കെടുത്തു. എച്ച്എംഎസ് ഡങ്കന്‍, എച്ച്എംഎസ് സെന്റ് ആല്‍ബന്‍സ്, എച്ച്എംഎസ് സെവേണ്‍ എന്നീ കപ്പലുകളാണ് റഡാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ നാല് റഷ്യന്‍ കപ്പലുകളുടെ നീക്കം നിരീക്ഷിച്ചത്. ആകാശത്തുനിന്ന് മെര്‍ലിന്‍ ഹെലികോപ്റ്ററും ദൗത്യത്തിന് പിന്തുണ നല്‍കി. റഷ്യന്‍ കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന റോയല്‍ നേവിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഇതുവരെ 2025നെ അപേക്ഷിച്ച് 25 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. ഓഗസ്റ്റില്‍ നടന്ന ദൗത്യത്തിനിടെ ടൈപ്പ് 45 വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലും ടൈപ്പ് 23 ഫ്രിഗേറ്റും ഉള്‍പ്പെടെയുള്ള റോയല്‍ നേവി കപ്പലുകള്‍ റഷ്യന്‍ ഡിസ്‌ട്രോയര്‍ 'അഡ്മിറല്‍ ലെവ്‌ചെങ്കോ'യെ പിന്തുടര്‍ന്നിരുന്നു.

ഉപരോധം നേരിടുന്ന ജനറല്‍ സ്‌കോബെലെവ്, സ്പാര്‍ട്ട എന്നീ ചരക്കുകപ്പലുകളെ അകമ്പടി സേവിച്ച് റഷ്യന്‍ കപ്പലുകള്‍ വടക്കന്‍ കടല്‍ വഴി ഇംഗ്ലിഷ് ചാനലിലേക്കു നീങ്ങിയപ്പോഴായിരുന്നു റോയല്‍ നേവിയുടെ നിരീക്ഷണം. ബ്രിട്ടന്റെ ഇടപെടലിനെ തുടര്‍ന്ന് റഷ്യയ്ക്ക് കൂടുതല്‍ സൈനിക ശേഷി വിന്യസിക്കേണ്ടിവന്നതായി ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നെയുസ്ട്രാഷിമി ഫ്രിഗേറ്റിനെയും റഷ്യ പിന്നീട് വിന്യസിച്ചതായി മന്ത്രാലയം വ്യക്തമാക്കി. റഷ്യന്‍ കപ്പലുകള്‍ ഫ്രാന്‍സിന്റെ തീരത്തോട് അടുക്കിയതോടെ മറ്റൊരു നാറ്റോ സഖ്യരാജ്യം നിരീക്ഷണച്ചുമതല ഏറ്റെടുത്തു. എന്നാല്‍ ദൗത്യം ഏറ്റെടുത്ത രാജ്യം ഏതാണെന്ന് ബ്രിട്ടന്‍ വെളിപ്പെടുത്തിയിട്ടില്ല. റഷ്യയുടെ 'ഷാഡോ ഫ്‌ലീറ്റ്' എണ്ണക്കപ്പലായ സ്മിര്‍ട്ടോസില്‍ ജൂണില്‍ റോയല്‍ മറീന്‍ കമാന്‍ഡോകള്‍ കയറി പരിശോധന നടത്തിയിരുന്നു. നാഷനല്‍ ക്രൈം ഏജന്‍സി ഉദ്യോഗസ്ഥരും റോയല്‍ എയര്‍ഫോഴ്‌സിന്റെ പിന്തുണയോടെ പരിശോധനയില്‍ പങ്കെടുത്തു. റഷ്യയ്‌ക്കെതിരായ ഉപരോധ നിയമങ്ങള്‍ ലംഘിച്ചതായി സംശയിച്ച് 38 വയസ്സുള്ള ഇന്ത്യന്‍ പൗരനെ എന്‍സിഎ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

റഷ്യയുടെ 'ഷാഡോ ഫ്‌ലീറ്റ്' ശൃംഖലയുടെ ഭാഗമാണെന്ന് ബ്രിട്ടന്‍ ആരോപിക്കുന്ന 500ലേറെ കപ്പലുകള്‍ക്ക് ഇതുവരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാശ്ചാത്യ ഉപരോധങ്ങള്‍ മറികടന്ന് റഷ്യന്‍ എണ്ണയും മറ്റ് ചരക്കുകളും കടത്താന്‍ ഇത്തരം കപ്പലുകള്‍ ഉപയോഗിക്കുന്നുവെന്നാണ് ബ്രിട്ടന്റെ ആരോപണം. അതേസമയം, റഷ്യന്‍ സര്‍ക്കാരിന്റെ ബജറ്റില്‍ എണ്ണ-വാതക മേഖലയില്‍നിന്നുള്ള വരുമാന വിഹിതം 2025ല്‍ 23 ശതമാനമായി കുറഞ്ഞതായി ഓക്‌സ്ഫഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എനര്‍ജി സ്റ്റഡീസിന്റെ വിശകലനം വ്യക്തമാക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍ വാറ്റ്, കോര്‍പ്പറേറ്റ് നികുതി എന്നിവയില്‍നിന്നുള്ള വരുമാനം വര്‍ധിച്ചതോടെ എണ്ണ-വാതക വരുമാനത്തിലെ കുറവിന്റെ ആഘാതം ഒരു പരിധിവരെ നികത്താനായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് അടുത്തിടെ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നതും റഷ്യയ്ക്ക് സാമ്പത്തിക നേട്ടമായി. അതേസമയം, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window