Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.866 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 01st Sep 2026
 
 
UK Special
  Add your Comment comment
ഉഷ്ണതരംഗത്തില്‍ ഫ്രിജുകള്‍ കൂട്ടത്തോടെ തകരാറില്‍; ഇംഗ്ലണ്ടിലും വെയില്‍സിലും മാലിന്യസംസ്‌കരണ പ്രതിസന്ധി
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മാലിന്യസംസ്‌കരണ കേന്ദ്രങ്ങളില്‍ ഉപയോഗശൂന്യമായ ഫ്രിജുകളുടെയും ഫ്രീസറുകളുടെയും കൂമ്പാരം വര്‍ധിക്കുന്നതായി ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ (എല്‍ജിഎ) മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷത്തെ കടുത്ത ഉഷ്ണതരംഗങ്ങളില്‍ ഫ്രിജുകളും ഫ്രീസറുകളും ഉള്‍പ്പെടെയുള്ള വലിയ ഗൃഹോപകരണങ്ങള്‍ കൂടുതലായി തകരാറിലായതും പഴയ ഉപകരണങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുടെ കുറവുമാണ് പ്രതിസന്ധിക്ക് കാരണമായത്. സ്ഥിതി രൂക്ഷമായതോടെ നിരവധി കൗണ്‍സിലുകള്‍ വീടുകളില്‍നിന്നുള്ള ഫ്രിജുകളും മറ്റ് വൈറ്റ് ഗുഡ്‌സും ശേഖരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ബ്രാഡ്‌ഫോര്‍ഡ്, ഗ്ലോസ്റ്റര്‍ഷയര്‍, ഡര്‍ഹം, നോട്ടിങ്ഹാംഷയര്‍ എന്നിവ ഉള്‍പ്പെടെ 26 കൗണ്‍സിലുകള്‍ ഈ മാസം ഫ്രിജ് ശേഖരണം നിര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഫ്രിജുകളും ഫ്രീസറുകളും സാധാരണ മാലിന്യങ്ങള്‍ പോലെ സംസ്‌കരിക്കാന്‍ കഴിയില്ല. ഇവയ്ക്കുള്ളിലെ വാതകങ്ങളും മറ്റ് ഘടകങ്ങളും പ്രത്യേക സംവിധാനങ്ങളിലൂടെ സുരക്ഷിതമായി നീക്കം ചെയ്തശേഷമാണ് ഉപകരണങ്ങള്‍ പൊളിച്ചുനീക്കേണ്ടത്. ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത്തരം വാതകങ്ങള്‍ പരിസ്ഥിതിക്ക് ഗുരുതര ദോഷമുണ്ടാക്കും.

ബ്രിട്ടനില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചിരുന്ന 10 ഫ്രിജ് സംസ്‌കരണ പ്ലാന്റുകളില്‍ മൂന്നെണ്ണം കഴിഞ്ഞ 12 മാസത്തിനിടെ അടച്ചുപൂട്ടിയതോടെ രാജ്യത്തിന്റെ സംസ്‌കരണശേഷി ഗണ്യമായി കുറഞ്ഞു. തീപിടിത്തം, കമ്പനി പാപ്പരായത്, പ്ലാന്റിന്റെ ഉപയോഗം മാറ്റിയത് എന്നിവയാണ് മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണമായത്. ശേഷിക്കുന്ന സംസ്‌കരണ പ്ലാന്റുകള്‍ക്കും കടുത്ത ചൂട് തിരിച്ചടിയായിട്ടുണ്ട്. 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനിലയില്‍ ചില പ്ലാന്റുകള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം. അതേസമയം ഉഷ്ണതരംഗത്തിനിടെ ഫ്രിജുകളും ഫ്രീസറുകളും കൂടുതലായി തകരാറിലായതോടെ സംസ്‌കരിക്കേണ്ട ഉപകരണങ്ങളുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വൈറ്റ് ഗുഡ്‌സ് നിര്‍മാതാക്കള്‍ പഴയ ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും താല്‍ക്കാലികമായി അധിക മാലിന്യം സൂക്ഷിക്കേണ്ടിവരുന്ന കൗണ്‍സിലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും എല്‍ജിഎ ആവശ്യപ്പെട്ടു.

നിലവിലെ പ്രതിസന്ധി നേരിടാന്‍ ബ്രിട്ടനില്‍നിന്നുള്ള ഉപയോഗശൂന്യമായ ഫ്രിജുകള്‍ യൂറോപ്പിലെ സംസ്‌കരണ പ്ലാന്റുകളിലേക്ക് അയയ്ക്കുന്നുണ്ട്. അടുത്ത വര്‍ഷം ബ്രിട്ടനില്‍ പുതിയൊരു ഫ്രിജ് സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും നിലവിലെ പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കാന്‍ ആറ് മുതല്‍ 12 മാസം വരെ വേണ്ടിവരുമെന്നാണ് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. യൂറോപ്യന്‍ പ്ലാന്റുകളുടെ സഹായം താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബ്രിട്ടനില്‍ തന്നെ കൂടുതല്‍ സംസ്‌കരണശേഷി സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വീടുകളില്‍നിന്ന് ഫ്രിജുകളും മറ്റ് വലിയ ഗൃഹോപകരണങ്ങളും ശേഖരിക്കുന്നത് തടസ്സപ്പെടുന്നത് അനധികൃത മാലിന്യനിക്ഷേപമായ 'ഫ്‌ലൈ ടിപ്പിങ്' വര്‍ധിക്കാന്‍ കാരണമാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കൃഷിയിടങ്ങളിലും സ്വകാര്യ ഭൂമിയിലും ഫ്രിജുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അനധികൃതമായി ഉപേക്ഷിച്ചാല്‍ അവ നീക്കം ചെയ്യാനുള്ള ചെലവ് ഭൂവുടമകള്‍ക്കും കര്‍ഷകര്‍ക്കും വഹിക്കേണ്ടിവരുമെന്ന് കണ്‍ട്രി ലാന്‍ഡ് ആന്‍ഡ് ബിസിനസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ഇംഗ്ലണ്ടിലെ അനധികൃത മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയും ശക്തമാക്കിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ കിഡ്‌ലിങ്ടണില്‍ ഏകദേശം 22,000 ടണ്‍ മാലിന്യം കെട്ടിക്കിടന്നിരുന്ന അനധികൃത ഡംപ് നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കാന്‍ പൊതുഖജനാവില്‍നിന്ന് ആറു ദശലക്ഷം പൗണ്ട് ചെലവഴിക്കേണ്ടിവന്നിരുന്നു.

 
Other News in this category

 
 




 
Close Window