Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4192 INR  1 EURO=110.2536 INR
ukmalayalampathram.com
Wed 09th Sep 2026
 
 
UK Special
  Add your Comment comment
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ സാങ്കേതിക തകരാര്‍; യുകെയില്‍ 300ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
reporter

ലണ്ടന്‍: യുകെയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് രാജ്യത്തുടനീളം വിമാന സര്‍വീസുകള്‍ വ്യാപകമായി തടസ്സപ്പെട്ടു. ചൊവ്വാഴ്ച ഉണ്ടായ തകരാറിനെ തുടര്‍ന്ന് ഏകദേശം 300 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും നൂറുകണക്കിന് സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ 'ഫ്‌ലൈറ്റ്‌റഡാര്‍24' പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മുന്നൂറോളം സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കേണ്ടിവന്നത്. യുകെയുടെ വ്യോമപാതയില്‍ വലിയ യാത്രാതടസ്സം സൃഷ്ടിച്ച സംഭവത്തില്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ ഒരുപോലെ ബാധിക്കപ്പെട്ടു. ഫ്‌ലൈറ്റ് പ്രൊസസിങ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്ന് യുകെയുടെ നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് (NATS) അറിയിച്ചു. പ്രശ്‌നം കണ്ടെത്തിയതിന് പിന്നാലെ സിസ്റ്റം സാധാരണ നിലയിലാക്കുന്നതിനായി എഞ്ചിനീയര്‍മാര്‍ അടിയന്തരമായി പ്രവര്‍ത്തിച്ചു. പിന്നീട് തകരാര്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു.

വ്യോമപാത പൂര്‍ണമായും അടച്ചിരുന്നില്ലെങ്കിലും വിമാന ഗതാഗതം സാധാരണ നിലയിലാകാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് NATS വ്യക്തമാക്കി. സാങ്കേതിക പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങളുടെ പുറപ്പെടല്‍, എത്തിച്ചേരല്‍ സമയക്രമങ്ങളില്‍ വലിയ മാറ്റമാണ് ഉണ്ടായത്. ബ്രിട്ടീഷ് എയര്‍വേസ്, ഈസിജെറ്റ്, കെഎല്‍എം, ലുഫ്ത്താന്‍സ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ സര്‍വീസുകളെയാണ് തകരാര്‍ പ്രധാനമായും ബാധിച്ചത്. ലണ്ടനിലെ ഹിത്രൂ, ഗാറ്റ്വിക്, സ്റ്റാന്‍സ്റ്റെഡ്, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങള്‍ക്ക് പുറമേ മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, എഡിന്‍ബറോ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഹിത്രൂ വിമാനത്താവളത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളിലാണ് കൂടുതല്‍ റദ്ദാക്കലുകളും കാലതാമസവും റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെ നിരവധി പേര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും വന്നു. സര്‍വീസുകളില്‍ തുടര്‍ന്നും മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസിന്റെ പുതുക്കിയ സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

 
Other News in this category

 
 




 
Close Window