ലണ്ടന്‍: മിഡില്‍ ഈസ്റ്റിലെ ഇറാന് സംഘര്‍ഷവും ബോണ്ട് വിപണിയില്‍ തുടരുന്ന കടുത്ത സമ്മര്‍ദവും യുകെയിലെ മോര്‍ട്ട്ഗേജ് വിപണിയെയും പിടിച്ചുലയ്ക്കുന്നു. രാജ്യത്തെ അഞ്ച് പ്രമുഖ മോര്‍ട്ട്ഗേജ് വായ്പാദാതാക്കള്‍ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജുകളുടെ പലിശ നിരക്ക് ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചു. ബാര്‍ക്ലേസ്, സാന്റാന്‍ഡര്‍, സ്കിപ്ടണ്, ടിഎസ്ബി, നോട്ടിംഗ്ഹാം ബില്‍ഡിംഗ് സൊസൈറ്റി എന്നിവരാണ് പുതിയ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. വിവിധ മോര്‍ട്ട്ഗേജ് ഉല്‍പ്പന്നങ്ങളില്‍ ശരാശരി 0.15 ശതമാനം പോയിന്റിന് സമീപമാണ് വര്‍ധന. കഴിഞ്ഞ ആഴ്ച കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയും തങ്ങളുടെ എല്ലാ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജുകളുടെയും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ഈ മാസം ആദ്യം നാറ്റ്വെസ്റ്റും എച്ച്എസ്ബിസിയും സമാനമായ നടപടി സ്വീകരിച്ചിരുന്നു. വിപണിയിലെ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതല്‍ ബാങ്കുകളും വായ്പാദാതാക്കളും നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ബോണ്ട് യീല്‍ഡ് 1998ന് ശേഷമുള്ള ഉയര്‍ന്ന നിലയില്‍
മിഡില്‍ ഈസ്റ്റില്‍ യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ആഗോള ബോണ്ട് വിപണിയില്‍ വലിയ സമ്മര്‍ദമാണ് അനുഭവപ്പെടുന്നത്. സംഘര്‍ഷം ഇന്ധനവിലയും പണപ്പെരുപ്പവും ഉയര്‍ത്തുമെന്ന ആശങ്കയാണ് നിക്ഷേപകരെ അലട്ടുന്നത്. യുകെയിലെ 30 വര്‍ഷ കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ് 1998ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായാണ് റിപ്പോര്‍ട്ട്. ദീര്‍ഘകാല വായ്പാ ചെലവ് വര്‍ധിക്കുന്ന സാഹചര്യം മോര്‍ട്ട്ഗേജ് നിരക്കുകളെയും നേരിട്ട് ബാധിക്കുകയാണ്. പണപ്പെരുപ്പ സമ്മര്‍ദം വീണ്ടും ശക്തമായാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് ഉയര്‍ത്തുകയോ നിലവിലെ ഉയര്‍ന്ന നിരക്ക് കൂടുതല്‍ കാലം തുടരുകയോ ചെയ്യേണ്ടിവരുമെന്ന ആശങ്കയും വിപണിയിലുണ്ട്. ഈ പ്രതീക്ഷകള്‍ തന്നെയാണ് ബാങ്കുകള്‍ ഫിക്സഡ് മോര്‍ട്ട്ഗേജ് നിരക്കുകള്‍ മുന്‍കൂട്ടി ഉയര്‍ത്തുന്നതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ഭവന വിപണിക്കും തിരിച്ചടി
ഉയര്‍ന്ന മോര്‍ട്ട്ഗേജ് നിരക്കുകള്‍ യുകെയിലെ ഭവന വിപണിയെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. വീടുവാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വായ്പാ ചെലവ് വര്‍ധിച്ചതോടെ ഡിമാന്‍ഡ് കുറയുകയും ഭവനവില സമ്മര്‍ദത്തിലാകുകയും ചെയ്യുകയാണ്. യുകെയിലെ ഭവനവില മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഉയര്‍ന്ന വായ്പാ നിരക്കുകളും പുതിയ വീടുവാങ്ങാന്‍ ശ്രമിക്കുന്നവരെ പിന്നോട്ടടിക്കുന്നതായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ലോയ്ഡ്സിന്റെ പ്രതിമാസ ഹൗസ് പ്രൈസ് ഇന്‍ഡക്സ് പ്രകാരം ആഗസ്റ്റില്‍ യുകെയിലെ ഒരു വീടിന്റെ ശരാശരി വില £298,468 ആയിരുന്നു. മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഇനിയും ഉയര്‍ന്നാല്‍ ഭവന വിപണിയിലെ സമ്മര്‍ദം വരും മാസങ്ങളിലും തുടരാനാണ് സാധ്യത.