ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പൗരത്വം നേടുന്നതിനുള്ള കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി 'ഐറിഷ് നാഷനാലിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഭേദഗതി) ബില്‍ 2026'ന്റെ ജനറല്‍ സ്കീമിന് സര്‍ക്കാര്‍ അനുമതി നല്കി. കുടിയേറ്റ സംവിധാനം കൂടുതല്‍ ശക്തമാക്കുകയും സാമൂഹിക ഐക്യം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പരിഷ്കാരങ്ങളെന്ന് ജസ്റ്റിസ്, ഹോം അഫയേഴ്സ് ആന്‍ഡ് മൈഗ്രേഷന്‍ മന്ത്രി ജിം ഒ'ക്യാലഗന് വ്യക്തമാക്കി. പുതിയ നിര്‍ദേശങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് പൗരത്വത്തിനായി രാജ്യത്ത് നിയമപരമായി താമസിക്കേണ്ട കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്ന് എട്ട് വര്‍ഷമായി ഉയര്‍ത്തുന്നതാണ്. ഇതോടൊപ്പം ഭാഷാ പരിജ്ഞാനവും ഐറിഷ് സമൂഹത്തെയും ഭരണസംവിധാനത്തെയും കുറിച്ചുള്ള അറിവും പരിശോധിക്കുന്ന പരീക്ഷകളും നിര്‍ബന്ധമാക്കും.
ഭാഷാ പരീക്ഷയും പൗരബോധ പരിശോധനയും നിര്‍ബന്ധം
പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലിഷ്, ഐറിഷ് അല്ലെങ്കില്‍ ഐറിഷ് ആംഗ്യഭാഷ എന്നിവയില്‍ നിശ്ചിത നിലവാരത്തിലുള്ള പരിജ്ഞാനം തെളിയിക്കേണ്ടിവരും. കൂടാതെ ഐറിഷ് പൗരബോധം, സമൂഹം, രാഷ്ട്രീയ-ജനാധിപത്യ സംവിധാനങ്ങള്‍ എന്നിവയെ സംബന്ധിച്ച പരീക്ഷയും നിര്‍ബന്ധമാക്കാനാണ് തീരുമാനം. പൗരത്വത്തിനായി അപേക്ഷിക്കുന്നവര്‍ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്ന വ്യവസ്ഥയും പുതിയ പരിഷ്കാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിരവരുമാനം, സാമ്പത്തിക ഉത്തരവാദിത്തം, നിയമാനുസൃത ജീവിതം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിരിക്കും പുതിയ സംവിധാനം. 2025ലെ സര്‍ക്കാര്‍ പരിപാടിയില്‍ പ്രഖ്യാപിച്ച കുടിയേറ്റ പരിഷ്കാരങ്ങളുടെ തുടര്‍ച്ചയായാണ് നടപടി. കുടിയേറ്റ സംവിധാനത്തിന്റെ വിശ്വാസ്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തില്‍ കൂടുതല്‍ ഐക്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
'പൗരത്വം കാലാവധി പൂര്‍ത്തിയായാല്‍ സ്വാഭാവികമായി ലഭിക്കുന്നതല്ല'
ഐറിഷ് പൗരത്വം ഒരു നിശ്ചിത താമസകാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രം സ്വാഭാവികമായി ലഭിക്കുന്ന പദവിയല്ലെന്നും നിയമം പാലിക്കല്‍, കഠിനാധ്വാനം, സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ നേടിയെടുക്കേണ്ട വിലപ്പെട്ട പദവിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അയര്‍ലന്‍ഡിന്റെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് കുടിയേറ്റക്കാര്‍ നല്കുന്ന സംഭാവനകള്‍ രാജ്യം വിലമതിക്കുന്നുണ്ടെന്ന് മന്ത്രി ജിം ഒ'ക്യാലഗന് പറഞ്ഞു. അതേസമയം രാജ്യത്തിന്റെ നിയമസംവിധാനത്തോടും സാമൂഹിക മൂല്യങ്ങളോടും പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ക്കാണ് പൗരത്വം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വം ഏറെ വിലപ്പെട്ട നിയമപരമായ പദവിയാണെന്നും രാജ്യത്തിന്റെ ഭാഷ, സംസ്കാരം, ഭരണസംവിധാനം എന്നിവ മനസ്സിലാക്കുന്നത് ജനാധിപത്യ പ്രക്രിയയില്‍ ഫലപ്രദമായി പങ്കാളികളാകാന്‍ പുതിയ പൗരന്മാരെ സഹായിക്കുമെന്നും കുടിയേറ്റ മന്ത്രി കോം ബ്രോഫി പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃക പിന്തുടര്ന്ന് അയര്‍ലന്‍ഡ്
യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള പൗരത്വ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് അയര്‍ലന്‍ഡും നിയമങ്ങള്‍ പുതുക്കുന്നതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രിയ, ഇറ്റലി, സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ഏഴ് മുതല്‍ പത്ത് വര്‍ഷം വരെയുള്ള താമസകാലാവധി വ്യവസ്ഥകളുണ്ട്. സാമ്പത്തിക സ്വയംപര്യാപ്തത, സ്ഥിരവരുമാനം, നികുതി ബാധ്യതകളുടെ കൃത്യമായ പാലനം, ഭാഷാ പരിജ്ഞാനം തുടങ്ങിയവയും പല യൂറോപ്യന്‍ രാജ്യങ്ങളിലും പൗരത്വത്തിനുള്ള പ്രധാന മാനദണ്ഡങ്ങളാണ്.
ആരോഗ്യപ്രവര്‍ത്തകരുടെ കുടിയേറ്റ തീരുമാനങ്ങളെ ബാധിച്ചേക്കും
പൗരത്വത്തിനുള്ള താമസകാലാവധി എട്ട് വര്‍ഷമാക്കുന്നത് അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന വിദേശ ആരോഗ്യപ്രവര്‍ത്തകരുടെയും നഴ്സുമാരുടെയും ദീര്‍ഘകാല കുടിയേറ്റ തീരുമാനങ്ങളെ സ്വാധീനിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. പൗരത്വത്തിലേക്കുള്ള യാത്ര കൂടുതല്‍ ദൈര്ഘ്യമാകുന്നതോടെ ചില ആരോഗ്യപ്രവര്‍ത്തകര്‍ യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ അവസരങ്ങള്‍ പരിഗണിക്കാനുള്ള സാധ്യതയും ഉയര്‍ന്നേക്കാം. പ്രത്യേകിച്ച് വിദേശ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്ഥിരതാമസവും പൗരത്വവും ലഭിക്കാന്‍ എടുക്കുന്ന സമയം രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക ഘടകമാണ്. യുകെയില്‍ ചില വിഭാഗങ്ങളിലെ സ്ഥിരതാമസ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും പൊതുമേഖലയിലെ നഴ്സുമാരുമായി ബന്ധപ്പെട്ട നിലവിലെ പിആര്‍, പൗരത്വ വ്യവസ്ഥകളില്‍ മാറ്റമില്ലെന്നതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാന ആകര്‍ഷണം. ഓസ്ട്രേലിയയില്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന് ഏജന്‍സിയുടെ (AHPRA) രജിസ്ട്രേഷന് നേടി ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ മറ്റ് വ്യവസ്ഥകള്‍ പാലിച്ച് രാജ്യത്ത് നാല് വര്‍ഷം നിയമപരമായി താമസിച്ചാല്‍ പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവസരമുണ്ട്.
അയര്‍ലന്‍ഡിന്റെ പുതിയ പരിഷ്കാരം നിയമമായി പ്രാബല്യത്തില്‍ വന്നാല്‍ വിദേശ തൊഴിലാളികള്‍, പ്രത്യേകിച്ച് ആരോഗ്യ-നഴ്സിങ് മേഖലയിലെ പ്രൊഫഷനലുകള്‍, രാജ്യത്തെ ദീര്‍ഘകാല കരിയര്‍-കുടിയേറ്റ പദ്ധതികള്‍ പുനഃപരിശോധിക്കേണ്ട സാഹചര്യം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.