ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രൊബേഷന്‍ സംവിധാനത്തില്‍ ഗുരുതരമായ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തിനിടെ ഇലക്ട്രോണിക് ടാഗുകള്‍ ഘടിപ്പിക്കാത്തതിനാല്‍ 5,000ത്തിലധികം കുറ്റവാളികള്‍ ഇലക്ട്രോണിക് നിരീക്ഷണത്തിന് പുറത്തായെന്നാണ് കണ്ടെത്തല്‍. ജനുവരി മുതല്‍ ഏപ്രില്‍വരെ കോടതി ഉത്തരവുപ്രകാരം നിരീക്ഷണത്തില്‍ കഴിയേണ്ടവരില്‍ 15 ശതമാനം പേര്‍ക്കും ടാഗുകള്‍ ഘടിപ്പിച്ചിരുന്നില്ല. ടാഗുകള്‍ നല്‍കിയവരുടെ കാര്യത്തിലും നിരീക്ഷണം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാങ്കേതിക തകരാറുകളും ബാറ്ററിയിലെ ചാര്‍ജ് തീര്‍ന്നതും മൂലം ഏകദേശം 1,600 പേരുടെ ഉപകരണങ്ങളില്‍നിന്ന് രണ്ടാഴ്ചയിലേറെ സിഗ്നല്‍ ലഭിച്ചില്ല.
ജീവനക്കാരുടെ ക്ഷാമം പ്രൊബേഷന്‍ സേവനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കുറ്റവാളികളുടെ മേലുള്ള നിരീക്ഷണം പരിമിതപ്പെടുത്തേണ്ടിവരുന്നത് കോടതി വിധിക്കുന്ന ശിക്ഷകളുടെ ഉദ്ദേശ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് മുന്നറിയിപ്പ്. ആറുവര്‍ഷത്തെ തടവുശിക്ഷ ലഭിക്കുന്ന ഒരാള്‍ രണ്ടുവര്‍ഷം ജയിലിലും തുടര്‍ന്ന് രണ്ടുവര്‍ഷം പ്രൊബേഷന്‍ നിരീക്ഷണത്തിലും കഴിയുകയും ശേഷിക്കുന്ന രണ്ടുവര്‍ഷം ഫലപ്രദമായ മേല്‍നോട്ടമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ അസോസിയേറ്റ് ഡയറക്ടര്‍ കാസിയ റൗലന്‍ഡ് പറഞ്ഞു. ഈ ഘട്ടത്തില്‍ ശിക്ഷാവ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍പോലും കഴിയാത്ത സ്ഥിതിയുണ്ടാകാമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശിക്കുന്ന നിരീക്ഷണം പ്രാവര്‍ത്തികമാകാതിരിക്കുന്നത് നീതിന്യായ സംവിധാനത്തിലുള്ള പൊതുജനവിശ്വാസത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.