ലണ്ടന്‍: പ്രെസ്റ്റണിലെ സര്‍വകലാശാലാ താമസസ്ഥലത്ത് പത്തൊന്‍പതുകാരി കാര്‍ല ജോര്‍ജെസ്‌കുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാനച്ഛന്‍ നഥാന്‍ ഓവന്‍സിനെതിരെ വിചാരണ തുടരുന്നു. കാര്‍ലയോടുള്ള ലൈംഗികാസക്തിയും അവരുടെ പ്രണയബന്ധത്തെച്ചൊല്ലിയുള്ള അസൂയയും ആക്രമണത്തിന് കാരണമായിരിക്കാമെന്ന് പ്രോസിക്യൂഷന്‍ പ്രെസ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ വാദിച്ചു. മുപ്പത്തിനാലുകാരനായ ഓവന്‍സ് കുറ്റങ്ങള്‍ നിഷേധിച്ചു.
ലങ്കാഷയര്‍ സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ക്ലിനിക്കല്‍ സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു കാര്‍ല. ഫെബ്രുവരി അഞ്ചിന്, ഇരുപതാം ജന്മദിനത്തിലാണ് റിബിള്‍ ഹാളിലെ മുറിയില്‍ കാര്‍ലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫോണ്‍വിളികള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി ലഭിക്കാതിരുന്നതോടെ അമ്മ സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരെ ബന്ധപ്പെടുകയായിരുന്നു. ഫെബ്രുവരി നാലിന് പുലര്‍ച്ചെ ഭാര്യയെ അറിയിക്കാതെ ഹാര്‍ട്ട്ലിപൂളിലെ വീട്ടില്‍നിന്ന് ഓവന്‍സ് കാര്‍ലയുടെ താമസസ്ഥലത്തേക്ക് പോയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. തല പുതപ്പുകൊണ്ട് മറച്ച് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും ഏകദേശം ഒന്നരമണിക്കൂറിനുശേഷം പുറത്തുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കി.
സംഭവത്തിനുശേഷം വീട്ടിലെത്തിയ ഭര്‍ത്താവ് പതിവുപോലെയാണ് പെരുമാറിയതെന്ന് കാര്‍ലയുടെ അമ്മ ജനീന മൊഴിനല്‍കി. മകളെ കാണാന്‍ പോയ കാര്യം ആദ്യം പറഞ്ഞിരുന്നില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. കാര്‍ലയുടെ ചിത്രങ്ങള്‍ രഹസ്യമായി ശേഖരിക്കുകയും അവയില്‍ ലൈംഗികസ്വഭാവമുള്ള മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. സംഭവസ്ഥലത്തുനിന്ന് ഓവന്‍സിന്റെ ഡിഎന്‍എ കണ്ടെത്തിയതായും കോടതിയെ അറിയിച്ചു. കൊലപാതകം, മനഃപൂര്‍വം കഴുത്തുഞെരിക്കല്‍, ഗുരുതര പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ നേരിടുന്നത്. കേസില്‍ കോടതി അന്തിമവിധി പറഞ്ഞിട്ടില്ല.