ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ 2028-2034 കാലയളവിലേക്കുള്ള ദീര്‍ഘകാല ബജറ്റ് നിര്‍ദേശത്തില്‍ 141 ബില്യണ്‍ യൂറോയുടെ കുറവ് വരുത്താന്‍ അയര്‍ലന്‍ഡ് ശുപാര്‍ശ ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെ അധ്യക്ഷപദവി വഹിക്കുന്ന അയര്‍ലന്‍ഡ്, അംഗരാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ഒത്തുതീര്‍പ്പ് നിര്‍ദേശമായാണ് പുതിയ കരട് അവതരിപ്പിച്ചത്. യൂറോപ്യന്‍ കമ്മിഷന്റെ നിര്‍ദേശത്തെ അപേക്ഷിച്ച് എട്ടുശതമാനം കുറവാണ് അയര്‍ലന്‍ഡ് മുന്നോട്ടുവയ്ക്കുന്നത്. ഇതനുസരിച്ച്, 2025ലെ വിലനിലവാരത്തില്‍ ബജറ്റിന്റെ ആകെ തുക 1.622 ട്രില്യണ്‍ യൂറോയാകും. എന്നാല്‍, നിലവിലെ 2021-2027 ബജറ്റിനെക്കാള്‍ 30 ശതമാനം കൂടുതലാണിത്.
കൃഷി, മത്സ്യബന്ധനം, പിന്നാക്ക മേഖലകളുടെ വികസനം എന്നിവയ്ക്കുള്ള സംയുക്ത വിഹിതത്തില്‍ മൂന്നുശതമാനം കുറവാണ് നിര്‍ദേശിച്ചിരിക്കുന്നത്. സാമ്പത്തിക മത്സരക്ഷമത, ഗവേഷണം, പ്രതിരോധം എന്നിവയ്ക്കുള്ള വിഹിതത്തില്‍ 13 ശതമാനവും അന്താരാഷ്ട്ര സഹകരണ പദ്ധതികള്‍ക്കുള്ള 'ഗ്ലോബല്‍ യൂറോപ്പ്' വിഹിതത്തില്‍ 17 ശതമാനവും കുറവ് വരുത്തും. ഭരണച്ചെലവിലും കുറവ് നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിരോധം ഉള്‍പ്പെടെയുള്ള പുതിയ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനൊപ്പം കൃഷി, പ്രാദേശിക വികസനം തുടങ്ങിയ പ്രധാന മേഖലകളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് അയര്‍ലന്‍ഡിന്റെ യൂറോപ്യന്‍കാര്യ മന്ത്രി തോമസ് ബേണ്‍ വ്യക്തമാക്കി. പ്രതിവര്‍ഷം 55 ബില്യണ്‍ യൂറോ സമാഹരിക്കാവുന്ന പുതിയ വരുമാന നിര്‍ദേശങ്ങളും കരടിലുണ്ട്. അതേസമയം, ചെലവില്‍ കൂടുതല്‍ കുറവ് ആവശ്യപ്പെടുന്ന രാജ്യങ്ങള്‍ നിര്‍ദേശത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 15, 16 തീയതികളില്‍ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ കരട് ചര്‍ച്ച ചെയ്യും. വര്‍ഷാവസാനത്തോടെ ധാരണയിലെത്താനാണ് ശ്രമം.