Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
UK Special
  Add your Comment comment
കോണ്‍സുലേറ്റ് അടച്ചാല്‍ 27 ഇസ്രായേല്‍ നയതന്ത്രജ്ഞരെ പുറത്താക്കും; മുന്നറിയിപ്പുമായി ബ്രിട്ടന്‍
reeporter

ലണ്ടന്‍: ജറൂസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ലണ്ടനിലെ 27 ഇസ്രായേല്‍ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യാപാരവിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണത്തെ സഹായിക്കുന്ന കമ്പനികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ബ്രിട്ടന്റെ തീരുമാനവും ഇസ്രായേലിനെ പ്രകോപിപ്പിച്ചു. ഇതിന് മറുപടിയായി ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചുപൂട്ടുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍സുലേറ്റിലെ ബ്രിട്ടീഷ് നയതന്ത്രജ്ഞര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നാല്‍ സമാന നടപടി സ്വീകരിക്കുമെന്ന് യു.കെ അംബാസഡര്‍ സൈമണ്‍ വാള്‍ട്ടേഴ്‌സ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും ഒക്ടോബര്‍ എട്ടിന് അത് നടപ്പാക്കുമെന്നുമാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സായര്‍ അറിയിച്ചിരുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജൊനാഥന്‍ പവല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ലെന്നാണ് വിവരം. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം തുടരുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ, കിര്യത് ഗാദിലെ ഗസ്സ സപ്പോര്‍ട്ട് സെന്ററില്‍നിന്ന് ബ്രിട്ടീഷ് പ്രതിനിധികളെ പുറത്താക്കാനും റാമല്ലയില്‍ ഫലസ്തീന്‍ സുരക്ഷാസേനയ്ക്ക് പരിശീലനം നല്‍കുന്ന ബ്രിട്ടീഷ് സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ഇസ്രായേല്‍ നീക്കം തുടങ്ങി. പന്ത്രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കും പൗരന്മാര്‍ക്കും പ്രവേശനവിലക്ക് ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികളുമായുള്ള ബ്രിട്ടന്റെ ബന്ധങ്ങള്‍ ഏകോപിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് കിഴക്കന്‍ ജറൂസലേമിലെ കോണ്‍സുലേറ്റ്.

 
Other News in this category

 
 




 
Close Window