ലണ്ടന്‍: ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ തിരക്ക് രൂക്ഷമായതോടെ രോഗികള്‍ക്ക് കാര്‍ പാര്‍ക്കുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സുകളില്‍ പരിചരണം നല്‍കേണ്ടിവരുന്നതായി പാരാമെഡിക്കുകള്‍. വേനല്‍ക്കാലം കഴിഞ്ഞിട്ടും എന്‍എച്ച്എസിലെ ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി (എ&ഇ) വിഭാഗങ്ങളിലെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നും ആശുപത്രി ഇടനാഴികള്പോലും രോഗികളെക്കൊണ്ട് നിറയുകയാണെന്നും ജീവനക്കാരുടെ സംഘടനയായ യുണീഷന്‍ മുന്നറിയിപ്പ് നല്കി. അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ കൈമാറാന്‍ കഴിയാതെ ആശുപത്രികള്‍ക്കു മുന്നില്‍ ആംബുലന്‍സുകള്‍ ദീര്‍ഘനേരം കാത്തുകിടക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഈ സമയത്ത് ആംബുലന്‍സിനുള്ളില്‍തന്നെ ചികിത്സയും നിരീക്ഷണവും തുടരാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുകയാണ്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ സര്‍വേയില്‍, കാത്തിരിപ്പിനിടെ രോഗികളുടെ ആരോഗ്യനില തങ്ങളുടെ കണ്മുന്നില് വഷളായ അനുഭവങ്ങള്‍ പാരാമെഡിക്കുകള്‍ പങ്കുവെച്ചു. എ&ഇയില്‍ കിടക്ക ലഭിക്കാന്‍ കാത്തിരിക്കുമ്പോള്‍ രോഗികള്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായതായി സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്ന് ശതമാനം പേര് വ്യക്തമാക്കി. വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍, കഴുത്തിന് ഗുരുതര പരിക്കുള്ളവര്, കടുത്ത നെഞ്ചുവേദനയുമായി എത്തുന്നവര്‍ എന്നിവര്‍ക്കുപോലും ചികിത്സ ലഭിക്കാന്‍ കാലതാമസം നേരിടുന്നതായാണ് വെളിപ്പെടുത്തല്‍. സ്കാനുകള്‍ക്കും മറ്റു പരിശോധനകള്‍ക്കുമായി ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുപോയ രോഗികളെ പിന്നീട് തിരികെ ആംബുലന്‍സില്‍ കിടത്തേണ്ടിവന്നിട്ടുണ്ടെന്ന് പകുതിയോളം പാരാമെഡിക്കുകള്‍ അറിയിച്ചു.
വാര്‍ഡുകള്‍ നിറഞ്ഞുകവിയുമ്പോള് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ആരോഗ്യനില വഷളാകുന്നത് നിസ്സഹായരായി കാണേണ്ട സാഹചര്യമാണ് ആംബുലന്‍സ് ജീവനക്കാര്‍ നേരിടുന്നതെന്ന് യുണീഷന്റെ നാഷണല്‍ ആംബുലന്‍സ് ഓഫീസര്‍ ശരണ്‍ ബന്ദേഷാ പറഞ്ഞു. കാര്‍ പാര്‍ക്കുകളില്‍ രോഗികളെ പരിചരിക്കേണ്ടിവരുന്ന സ്ഥിതി തുടരാന്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം, ഓരോ മാസവും ഏകദേശം 45,000 രോഗികള്‍ എ&ഇയില്‍ കിടക്ക ലഭിക്കുന്നതിനായി 12 മണിക്കൂറിലേറെ കാത്തിരിക്കുന്നുണ്ട്.