ലണ്ടന്‍: ബ്രിട്ടനില്‍ കൊല്ലപ്പെട്ട പത്തുവയസ്സുകാരി സാറ ഷെരീഫിന്റെ അഞ്ച് സഹോദരങ്ങളുടെ നിയമപരമായ സംരക്ഷണച്ചുമതല മുത്തച്ഛന് മുഹമ്മദ് ഷെരീഫിന് നല്കി പാക്കിസ്ഥാന് കോടതി. ഇതോടെ ബ്രിട്ടിഷ് പൗരന്മാരായ കുട്ടികള്‍ പാക്കിസ്ഥാനില്‍തന്നെ തുടരും. 2023 ഓഗസ്റ്റില്‍ സാറയുടെ മരണത്തിനുപിന്നാലെയാണ് പിതാവ് ഉര്ഫാന് ഷെരീഫും രണ്ടാനമ്മ ബെയ്നാഷ് ബത്തൂളും അമ്മാവന് ഫൈസല്‍ മാലിക്കും കുട്ടികളുമായി പാക്കിസ്ഥാനിലേക്ക് പോയത്. പിന്നീട് മുത്തച്ഛന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ കുട്ടികളെ അധികൃതര്‍ സര്‍ക്കാര്‍ സംരക്ഷണത്തിലാക്കി. അതേവര്‍ഷം ഒക്ടോബറില്‍ മുത്തച്ഛന് താല്‍ക്കാലിക സംരക്ഷണച്ചുമതല അനുവദിച്ചിരുന്നു.
നാലുമുതല്‍ പതിനാറുവരെ വയസ്സുള്ള കുട്ടികളില്‍ ഏറ്റവും ഇളയയാള്‍ ഒഴികെയുള്ളവര്‍ പാക്കിസ്ഥാനില്‍ സ്കൂളില്‍ പോകുന്നുണ്ടെന്നാണ് മുഹമ്മദ് ഷെരീഫ് അറിയിച്ചത്. കോടതിയില്‍ അഭിപ്രായം തേടിയപ്പോള്‍ മുത്തച്ഛനൊപ്പം താമസിക്കുന്നതില്‍ സന്തോഷമാണെന്ന് മൂത്ത കുട്ടി പറഞ്ഞു. കുട്ടികളുടെ പഠനവും ക്ഷേമവും ഉറപ്പാക്കുമെന്ന് മുത്തച്ഛന് വ്യക്തമാക്കി. ബ്രിട്ടിഷ് പാസ്പോര്ട്ടുകള് നിലനിര്‍ത്തുമെന്നും അനുയോജ്യമായ പ്രായത്തിലെത്തുമ്പോള്‍ അവര്‍ക്ക് ബ്രിട്ടനിലേക്ക് മടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ തിരിച്ചെത്തിക്കാന്‍ സറേ കൗണ്ടി കൗണ്‍സില്‍ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ കേസ് തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജൂണില്‍ നടപടികളില്‍നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. സാറയെ ദീര്‍ഘകാലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ബ്രിട്ടനില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. ഉര്ഫാന് കുറഞ്ഞത് 40 വര്‍ഷവും ബെയ്നാഷ് 33 വര്‍ഷവും തടവില്‍ കഴിയണം. സാറയുടെ മരണം തടയുന്നതില്‍ പരാജയപ്പെട്ടതിന് അമ്മാവന് ഫൈസല്‍ മാലിക്കിന് 16 വര്‍ഷം തടവും വിധിച്ചിരുന്നു.