ലണ്ടന്‍: ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ചയും മഴയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ പുതിയ ടാസ്‌ക്ഫോഴ്സ് രൂപീകരിച്ചു. കടുത്ത ചൂട് അനുഭവപ്പെട്ട വേനല്‍ക്കാലത്തിനുശേഷം എത്തുന്ന ശൈത്യകാലത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് സമിതി പരിശോധിക്കുക. അടുത്തയാഴ്ച നടക്കുന്ന ആദ്യയോഗത്തില്‍ വിവിധ വകുപ്പുകളുടെയും അനുബന്ധ മേഖലകളുടെയും ഏകോപനം ചര്‍ച്ചയാകും. അതിതീവ്ര കാലാവസ്ഥ മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി എമ്മ ഹാര്‍ഡി അറിയിച്ചു. ടാസ്‌ക്ഫോഴ്സ് യോഗത്തിനു മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലണ്ടില്‍ ഏകദേശം 63 ലക്ഷം വീടുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങളിലാണെന്നാണ് പരിസ്ഥിതി വകുപ്പിന്റെ കണക്ക്.
ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ മെറ്റ് ഓഫീസ്, പരിസ്ഥിതി ഏജന്‍സി, മേയര്‍മാരുടെ പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം കൃഷി, ജലവിതരണം, ഇന്‍ഷുറന്‍സ് മേഖലകളില്‍നിന്നുള്ളവരും പങ്കെടുക്കും. പ്രതികൂല കാലാവസ്ഥ ജനജീവിതത്തെയും വ്യാപാരമേഖലയെയും ബാധിക്കുന്നത് പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികള്‍ യോഗം വിലയിരുത്തും. കാലാവസ്ഥയിലെ വെല്ലുവിളികള്‍ എന്തായാലും ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഹാര്‍ഡി പറഞ്ഞു. വീടുകളെയും വ്യാപാരസ്ഥാപനങ്ങളെയും വെള്ളപ്പൊക്കത്തില്‍നിന്ന് സംരക്ഷിക്കുന്നതിനായി 2036 വരെയുള്ള കാലയളവില്‍ 10.5 ബില്യണ്‍ പൗണ്ടിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ശൈത്യകാലത്ത് ആരോഗ്യസേവനങ്ങള്‍ക്കുമേല്‍ സമ്മര്‍ദം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ വകുപ്പുകളുടെ സംയുക്ത തയ്യാറെടുപ്പുകള്‍ക്കും പ്രാധാന്യം നല്‍കും.