ലണ്ടന്‍: ജോലി ഉപേക്ഷിച്ചശേഷം മറ്റൊരു സ്ഥാപനത്തില്‍ ചേരുന്നതിനും സ്വന്തം സംരംഭം ആരംഭിക്കുന്നതിനും ജീവനക്കാര്‍ക്ക് തടസ്സമാകുന്ന 'നോണ്‍ കംപീറ്റ്' വ്യവസ്ഥകള്‍ നിയന്ത്രിക്കാന്‍ ബ്രിട്ടന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍മാറ്റം സുഗമമാക്കുന്നതിനൊപ്പം പുതിയ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. മാഞ്ചസ്റ്ററില്‍ നടന്ന ബിസിനസ് ഉച്ചകോടിയില്‍ ആന്‍ഡി ബേണെം ഇതുസംബന്ധിച്ച പരിഷ്കരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. തൊഴില്കരാറുകളിലെ അമിത നിയന്ത്രണങ്ങള്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനും വളരുന്ന കമ്പനികള്‍ക്ക് ജീവനക്കാരെ കണ്ടെത്തുന്നതിനും തടസ്സമാകുന്നുവെന്നാണ് വിലയിരുത്തല്‍.
നോണ്‍ കംപീറ്റ് വ്യവസ്ഥകളുള്ള കരാറുകള്‍ പ്രകാരം ജോലി വിട്ടവര്‍ക്ക് നിശ്ചിതകാലത്തേക്ക് മത്സരസ്ഥാപനങ്ങളില് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇതുമൂലം ചിലര്‍ക്ക് വരുമാനമില്ലാതെ കാത്തിരിക്കേണ്ടിവരുന്നു. ധനകാര്യ, സാങ്കേതിക മേഖലകളിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൂടുതലായി നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടനുസരിച്ച് ബ്രിട്ടനില്‍ ഏകദേശം 50 ലക്ഷം ജോലികള്‍ ഈ വ്യവസ്ഥകളുടെ പരിധിയിലുണ്ട്. സാധാരണയായി ആറുമാസത്തോളമാണ് നിയന്ത്രണകാലാവധി. പുതിയ നിയമനങ്ങള്‍ക്ക് തടസ്സമാകാത്തവിധം വ്യവസ്ഥകള്‍ പരിഷ്കരിക്കാനാണ് ആലോചന. എന്നാല്‍ നിയന്ത്രണങ്ങളുടെ പരിധിയോ നടപ്പാക്കുന്ന രീതിയോ വ്യക്തമാക്കിയിട്ടില്ല. ഒക്ടോബര്‍ 28ലെ ബജറ്റിനൊപ്പം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കുമെന്നാണ് സൂചന. മികച്ച ആശയങ്ങളുള്ള ബ്രിട്ടീഷ് സംരംഭങ്ങള്‍ നിക്ഷേപം തേടി വിദേശത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും വളരുന്ന കമ്പനികളെ രാജ്യത്ത് നിലനിര്‍ത്താന്‍ നികുതിസംവിധാനത്തിലും മാറ്റങ്ങള്‍ ആവശ്യമാണെന്നും ബേണെം അഭിപ്രായപ്പെട്ടു.