ലണ്ടന്‍: ബ്രിട്ടനില്‍ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റുകളോട് ആവശ്യപ്പെട്ടതോടെ വിവാദം ശക്തമാകുന്നു. പാല്, ബ്രെഡ്, മുട്ട, വെണ്ണ, അരി, ചിക്കന്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില താല്‍ക്കാലികമായി മരവിപ്പിക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന, ഗതാഗത ചെലവുകള്‍ ഉയരുകയും അതിന്റെ പ്രതിഫലനം ഭക്ഷ്യവിലകളില്‍ ഉണ്ടാകുമെന്ന ആശങ്ക ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അവശ്യവസ്തുക്കളുടെ വിലയില്‍ നിയന്ത്രണം കൊണ്ടുവരുന്നത് പരിഗണിക്കുന്നത്. എന്നാല്‍ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുകയാണ്. ഇത് എഴുപതുകളിലെ വിലനിയന്ത്രണ നയങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും വിപണിയില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലാണെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.
ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിത വിലക്കുറവ് നടപ്പാക്കിയാല്‍ നഷ്ടം പരിഹരിക്കാന്‍ മറ്റ് ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തേണ്ടി വരുമെന്നാണ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുന്നറിയിപ്പ്. ഇത് ഒടുവില്‍ ഉപഭോക്താക്കളെയാണ് കൂടുതല്‍ ബാധിക്കുകയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി കൂടുതല്‍ ശക്തമായ നിലപാടുമായി രംഗത്തെത്തി. സ്കോട്ലന്ഡില് ഇരുപത് മുതല്‍ അന്‍പത് വരെ അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്ക് നിയമപരമായ വിലപരിധി നിശ്ചയിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ജനങ്ങളുടെ പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം നടപടി അനിവാര്യമാണെന്നാണ് അവരുടെ വാദം. ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. വിലക്കയറ്റം കൃത്രിമമായി ഉയര്‍ത്തുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിയന്ത്രണ ഏജന്‍സികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.