ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനില്‍ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി സര്‍വേ. വേള്‍ഡ്പാനല്‍ ബൈ ന്യുമറേറ്ററിന്റെ കണക്കനുസരിച്ച്, ഓഗസ്റ്റില്‍ 8.5 ശതമാനം കുടുംബങ്ങളിലും കുറഞ്ഞത് ഒരാള്‍ വീതം ജിഎല്‍പി-1 വിഭാഗത്തിലെ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ഇത് 6.3 ശതമാനമായിരുന്നു.
ഓഗസ്റ്റിലെ കണക്കുപ്രകാരം ഏകദേശം 26 ലക്ഷം മുതിര്‍ന്നവരാണ് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത്. ഫെബ്രുവരിയെ അപേക്ഷിച്ച് ഏഴുലക്ഷം പേരുടെ വര്‍ധനയാണിത്. വെഗോവി, മൗണ്‍ജാരോ തുടങ്ങിയ മരുന്നുകളുടെ ഉപയോഗമാണ് കൂടുതലായി വ്യാപിക്കുന്നത്. കുത്തിവയ്പ്പുകള്‍ക്കൊപ്പം ഗുളികരൂപത്തിലുള്ള മരുന്നുകളും പ്രചാരം നേടുന്നുണ്ട്. ജൂണില്‍ യുകെയില്‍ അംഗീകാരം ലഭിച്ച വെഗോവി ഗുളികകള്‍ വിപണിയിലെത്തിയതിനു പിന്നാലെ, ഓഗസ്റ്റോടെ ജിഎല്‍പി-1 മരുന്നുകളുടെ ഉപയോക്താക്കളില്‍ ഗുളിക ഉപയോഗിക്കുന്നവരുടെ വിഹിതം 11.2 ശതമാനമായി.
പുരുഷന്മാര്‍ക്കിടയിലെ ഉപയോഗത്തിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ ആകെ ഉപയോക്താക്കളില്‍ 23 ശതമാനമായിരുന്ന പുരുഷന്മാരുടെ വിഹിതം ഓഗസ്റ്റില്‍ 32 ശതമാനമായി ഉയര്‍ന്നു. പുരുഷ ഉപയോക്താക്കളുടെ എണ്ണം 4.4 ലക്ഷത്തില്‍നിന്ന് 8.3 ലക്ഷമായാണ് വര്‍ധിച്ചത്. ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറുമാസത്തിനിടെ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന മുന്‍വര്‍ഷം മുഴുവനായുണ്ടായ വര്‍ധനയ്ക്കു സമീപമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 9,629 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍.