|
ബെഡ്ഫോര്‍ഡിനു സമീപം നിര്‍ത്തിയിട്ട ട്രെയിനിലേക്ക് മറ്റൊരു യാത്രാ ട്രെയിന്‍ ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. തൊണ്ണൂറോളം യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇതില്‍ 33 പേര്‍ക്ക് അതീവഗുരുതരവും, ഗുരുതരവുമായ പരുക്കേറ്റിട്ടുണ്ട്. 56 പേര്‍ക്ക് നിസ്സാര പരുക്കുമേറ്റു.
ബെഡ്ഫോര്‍ഡില്‍ വെള്ളിയാഴ്ച വൈകുന്നേരം 5.15-ഓടെയാണ് കൂട്ടിയിടി. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വെ സര്‍വ്വീസിന്റെ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടം നടക്കുമെന്ന് യാതൊരു മുന്നറിയിപ്പും ഉണ്ടായില്ലെന്ന് അപകടത്തില്‍ പരുക്കേറ്റ യാത്രക്കാര്‍ പറഞ്ഞു. പെട്ടെന്നുണ്ടായ ആഘാതം ബോംബ് പൊട്ടിയത് പോലെയാണ് തോന്നിയതെന്ന് ഇവര്‍ പറയുന്നു.
യാത്രക്കാര്‍ രക്തത്തില്‍ കുളിച്ചും, എല്ലുകള്‍ ഒടിഞ്ഞ നിലയില്‍ നിലത്തും കിടക്കുന്ന ഭീതിദമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു ട്രെയിനിന്റെ ഡ്രൈവറാണ് അപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് ആര്‍എംടി യൂണിയന്‍ ജനറല്‍ സെക്രട്ടറി സ്ഥിരീകരിച്ചു.
ഇരുട്രെയിനുകളും ലണ്ടനിലേക്കുള്ള സഞ്ചാരത്തിലായിരുന്നു. ആദ്യത്തെ ട്രെയിന്‍ നോട്ടിംഗ്ഹാമില്‍ നിന്നും സെന്റ് പാന്‍ക്രാസിലേക്ക് പോകവെ സുരക്ഷാ പ്രശ്നം മൂലം നിര്‍ത്തിയിട്ടു. എന്നാല്‍ പിന്നാലെയെത്തിയ കോര്‍ബി ട്രെയിന്‍ ബെഡ്ഫോര്‍ഡ് സ്റ്റേഷന്‍ വിട്ടതിന് ശേഷം ഇതിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ട്രെയിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചെങ്കിലും കൂട്ടിയിടി ഒഴിവാക്കാനായില്ല. അപകടത്തെ തുടര്‍ന്ന് നിരവധി കംപാര്‍ട്ട്മെന്റുകള്‍ പാളം തെറ്റി. ബെഡ്ഫോര്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും അപകടത്തില്‍ പെട്ട 50-ഓളം പേരെ ചികിത്സിക്കാന്‍ തയ്യാറെടുക്കാനാണ് മുന്നറിയിപ്പ് കിട്ടിയത്. ഇതിന് പുറമെ പരുക്കേറ്റ യാത്രക്കാരെ ലൂട്ടണ്‍ & ഡണ്‍സ്റ്റേബിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും എത്തിച്ചു. |