ലണ്ടന്‍: കത്തികളുമായി ഇസ്രയേല്‍ എംബസിക്കുള്ളില്‍ കടന്ന് ആക്രമണം നടത്താന്‍ ശ്രമിച്ച കുവൈത്ത് സ്വദേശി അബ്ദുല്ല സബാഹ് അല്‍ബദ്രിക്ക് (34) ജീവപര്യന്തം തടവ്. കുറഞ്ഞത് 20 വര്‍ഷം തടവില്‍ കഴിയണമെന്ന് ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതി ഉത്തരവിട്ടു. ഭീകരപ്രവര്‍ത്തനത്തിന് തയ്യാറെടുത്തതിനും പൊതുസ്ഥലത്ത് രണ്ട് കത്തികള്‍ കൈവശം വച്ചതിനുമാണ് ശിക്ഷ. 2025 ഏപ്രില്‍ 28നായിരുന്നു സംഭവം. വെസ്റ്റ് ലണ്ടനിലെ കെന്‍സിങ്ടണിലുള്ള എംബസിയുടെ സുരക്ഷാവേലി കയറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ അല്‍ബദ്രിയെ പിടികൂടുകയായിരുന്നു. പരിശോധനയില്‍ രണ്ട് കത്തികളും രക്തസാക്ഷിത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന കുറിപ്പും കണ്ടെത്തി.
തലയും മുഖവും സ്‌കാര്‍ഫ് കൊണ്ട് മറച്ച് സണ്‍ഗ്ലാസ് ധരിച്ചാണ് ഇയാള്‍ എംബസിക്ക് സമീപമെത്തിയത്. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ കില്‍ബേണില്‍നിന്ന് എംബസിയിലേക്കുള്ള ഇയാളുടെ യാത്ര സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ആക്രമണശ്രമത്തിനു മുമ്പുള്ള ദിവസങ്ങളില്‍ എംബസിയുടെ സ്ഥാനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അല്‍ബദ്രി ഫോണില്‍ തിരഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തി. ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടികള്‍ക്ക് പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റല്‍ തെളിവുകളും ഇയാളില്‍നിന്ന് കണ്ടെത്തിയ കുറിപ്പും ആക്രമണം ആസൂത്രിതമായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദത്തിന് പിന്തുണയായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ആക്രമണം തടഞ്ഞതെന്ന് കൗണ്ടര്‍ ടെററിസം പൊലീസിങ് ലണ്ടന്‍ മേധാവി കമാന്‍ഡര്‍ ഹെലന്‍ ഫ്‌ലാനഗന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ധീരതയും കാര്യക്ഷമതയും അവര്‍ അഭിനന്ദിച്ചു