|
ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ അഞ്ച് രാജ്യങ്ങളിലെ കലാ-സാംസ്‌കാരിക വൈവിധ്യത്തെ ഒരുമിപ്പിക്കുന്ന ഫെസ്റ്റിവലില്‍, വിവിധ ജനവിഭാഗങ്ങളുടെ പരമ്പരാഗതവും സമകാലികവുമായ കലാരൂപങ്ങള്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരേ വേദിയില്‍ അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യാതിര്‍ത്തികള്‍ക്കപ്പുറം കലയുടെ ഭാഷയില്‍ ദക്ഷിണേഷ്യന്‍ സമൂഹങ്ങളെ ബന്ധിപ്പിക്കുകയാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം. ദക്ഷിണേഷ്യന്‍ സമൂഹങ്ങളുടെ കലാപാരമ്പര്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം സ്‌കോട്‌ലന്‍ഡിലെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദവും സാംസ്‌കാരിക വിനിമയവും വളര്‍ത്താനുള്ള വേദിയായും ഫെസ്റ്റിവല്‍ മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ക്ലാസിക്കല്‍ കലകളില്‍നിന്ന് ആധുനിക സംഗീതത്തിലേക്കുള്ള ദക്ഷിണേഷ്യയുടെ സമ്പന്നമായ കലായാത്ര ഒരു ദിവസംകൊണ്ട് അനുഭവിക്കാനുള്ള അപൂര്‍വ അവസരമാണ് ഗ്ലാസ്ഗോയില്‍ ഒരുങ്ങുന്നത്.
പകല്‍ കുടുംബ സൗഹൃദ സാംസ്‌കാരിക ആഘോഷം
ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5 വരെ കുടുംബങ്ങള്‍ക്കായി ഒരുക്കുന്ന പകല്‍ പരിപാടിയില്‍ ശാസ്ത്രീയ നൃത്തം, നാടോടിക്കല, സംഗീതം, സമകാലിക ഫ്യൂഷന്‍ എന്നിവ അരങ്ങേറും. കഥക്, ഒഡിസി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്കൊപ്പം നേപ്പാളീസ്, ശ്രീലങ്കന്‍ നൃത്തങ്ങളും സിന്ധി, നേപ്പാളീസ് ഗാനങ്ങളും വേദിയിലെത്തും.
പകല്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി കേരളത്തിന്റെ തനതുകലയായ ഓട്ടന്‍തുള്ളല്‍, പ്രശസ്ത കലാകാരന്‍ മണലൂര്‍ ഗോപിനാഥന്‍ അവതരിപ്പിക്കും. കമ്യൂണിറ്റി സ്റ്റാളുകളും സാംസ്‌കാരിക ഇടപെടലുകളും കുടുംബസൗഹൃദ ആഘോഷത്തിന്റെ ഭാഗമാകും.രാത്രി 7 മുതല്‍ അര്‍ധരാത്രിവരെ മുതിര്‍ന്നവര്‍ക്കായി ഒരുക്കുന്ന സംഗീതവിരുന്നില്‍ ശ്രീലങ്കന്‍ ലൈവ് ബാന്‍ഡ് വൈബ്രേഷന്‍, റാപ് സംഗീതസംഘം ഹൊറൈസണ്‍, റോക്ക് ബാന്‍ഡ് ബോളിവുഡ് ശൂന്യ, അന്താരാഷ്ട്ര പ്രശസ്തനായ അപ്പാച്ചെ ഇന്ത്യന്‍ എന്നിവര്‍ വേദിയിലെത്തും. |