|
ക്നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാഴ് വ് അണിയറയില്‍ ഒരുങ്ങുന്നു. ക്നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ കോഡിനേറ്ററായി ഫാ. സുനി പടിഞ്ഞാറേക്കര ചാര്‍ജെടുത്തത് മുതല്‍ വാഴ് വ് പുതിയ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ വാഴ് വ് നടത്തിയതിനുശേഷം രണ്ട് ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരുകയാണ്. ഒരു ഭവനമായിരുന്നു ലക്ഷ്യമിട്ടത്. ഇത്തവണ സെപ്റ്റംബര്‍ 26ന് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വാഴ് വ് നടത്തപ്പെടുമ്പോള്‍ ഭവന നിര്‍മ്മാണവും ചികിത്സാസഹായവും ലക്ഷ്യമിട്ടാണ് അണിയറയില്‍ പദ്ധതികള്‍ ഒരുക്കുന്നത്.
മെയ് 16ന് ലിവര്‍പൂളില്‍ നടത്തപ്പെട്ട എന്‍ട്രി പാസ് കിക്കോഫ് നിരവധി കുടുംബങ്ങള്‍ ആണ് ഗ്രാന്‍ഡ് സ്പോണ്‍സേഴ്സായി കടന്നുവന്നിരിക്കുന്നത്.. അന്നേദിവസം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹിച്ച് തെളിയിച്ച് നല്‍കിയ സ്നേഹദീപം വിവിധ ഇടവകകളിലേക്ക് കൈമാറി. ഓരോ ഇടവകയിലും സ്നേഹദീപ പ്രയാണത്തിന് ഉജ്ജ്വല സ്വീകരണം ആണ് നല്‍കപ്പെട്ടത്. 15 ക്നാനായ കാത്തലിക് മിഷനുകളിലും വിവിധ വിശുദ്ധ കുര്‍ബാന സെന്ററുകളിലും വാഴ് വ് എന്‍ട്രി പാസ് കിക്കോഫ് നടന്നുവരുകയാണ്.
ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യാതിഥിയായി എത്തുന്ന വാഴ്വില്‍ വിശ്വാസവും പാരമ്പര്യവും വരും തലമുറയ്ക്ക് കൈമാറുന്ന വിധത്തിലുള്ള വിവിധ കലാപരിപാടികളും അന്നേദിവസം അരങ്ങേറും. നട വിളികളാല്‍ മുഖരിതമായി ക്നാനായ പുരാതന പാട്ടിന്റെ അകമ്പടിയോടെ വിവിധ പരിപാടികള്‍ അരങ്ങേറുമ്പോള്‍ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹ സല്ലാപത്തിന്റെയും വേദിയായി മാറും. |