Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
Teens Corner
  Add your Comment comment
അയല്‍സ്‌ഫോര്‍ഡില്‍ ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ 73-ാം ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിനിര്‍ഭരമായി ആചരിച്ചു.
Text By: Arun Varghese
ലണ്ടന്‍: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യുകെ-ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ കെന്റിലെ അയല്‍സ്‌ഫോര്‍ഡിലെ ദി ഫ്രയേഴ്‌സ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ 73-ാം ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിനിര്‍ഭരമായി ആചരിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയിലും പദയാത്രയിലും ധൂപപ്രാര്‍ഥനയിലും പങ്കെടുത്തു.

യുകെയും യൂറോപ്പും ഉള്‍പ്പെടുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ അപ്പോസ്തലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ദൈവവിളിയോടുള്ള അചഞ്ചലമായ വിശ്വസ്തതയും സഭൈക്യത്തിനുവേണ്ടിയുള്ള ത്യാഗപൂര്‍ണമായ ജീവിതവും ആത്മീയ നവോത്ഥാനത്തിനും വിദ്യാഭ്യാസരംഗത്തിനും നല്‍കിയ അനുപമ സംഭാവനകളും സന്ദേശത്തില്‍ അദ്ദേഹം അനുസ്മരിച്ചു.

റവ. ഡോ. ചെറിയാന്‍ കോട്ടയില്‍, റവ. ഫാ. ജോണ്‍സണ്‍ പേഴുംകൂട്ടത്തില്‍ OIC, റവ. ഫാ. ജോര്‍ജ് വലിയപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പദയാത്രയില്‍ വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വം അണിനിരന്ന് ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ മാധ്യസ്ഥം അഭ്യര്‍ഥിച്ചു.

ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന്, യുകെയിലെ വിവിധ മിഷനുകളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ശുശ്രൂഷ നിര്‍വഹിച്ച ശേഷം മടങ്ങിപ്പോകുന്ന റവ. ഫാ. ജോണ്‍സണ്‍ പേഴുംകൂട്ടത്തില്‍ OICയെ ലണ്ടന്‍ റീജിയന്റെ നേതൃത്വത്തില്‍ ആദരിച്ചു.

പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ നിന്ന് സ്‌പെയിനിലെ സാന്റിയാഗോ ദെ കോംപോസ്‌തേലയിലേക്ക് 350 കിലോമീറ്റര്‍ ദൂരം ഒറ്റയ്ക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയ ഡെന്നിസ് ജോണിനെയും ചടങ്ങില്‍ ആദരിച്ചു.

പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ബിനോജ് ജോണും സെക്രട്ടറി ശ്രീ. റെനോ ജേക്കബും ഏകോപിപ്പിച്ചു. യുകെ നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ശ്രീ. റോണി ജേക്കബ്, വൈസ് പ്രസിഡന്റ് ശ്രീ. എബ്രഹാം ചാണ്ടി, ജോയിന്റ് സെക്രട്ടറി ശ്രീമതി പ്രിന്‍സി വര്‍ഗീസ് എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ആത്മീയ പാരമ്പര്യവും സഭൈക്യദര്‍ശനവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്ന വിശ്വാസസാക്ഷ്യമായി ഓര്‍മ്മപ്പെരുന്നാള്‍ മാറിയതായി സംഘാടകര്‍ അറിയിച്ചു.

(News by: Arun Varghese Cambridge For Media & Publicity Committee, Mar Ivanios Day _ 2026 Aylesford
+44 7867251967)
 
Other News in this category

 
 




 
Close Window