|
കോക്റോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് വിദേശ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ പ്രതിഷേധം. ന്യൂയോര്‍ക്കിലും ലണ്ടനിലും ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ന്യൂയോര്‍ക്ക് സിറ്റിയിലെ യൂണിയന്‍ സ്‌ക്വയറിലുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാര്‍, സിജെപി പ്രവര്‍ത്തകരുടെ സമരത്തിന് പിന്തുണ അറിയിച്ചു. 'ഞാനും ഒരു പാറ്റയാണ്' എന്ന വാചകത്തോട് കൂടിയ പ്ലക്കാര്‍ഡുകള്‍ അടക്കം പിടിച്ചായിരുന്നു പ്രതിഷേധം.
ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പുറത്തായിരുന്നു പ്രതിഷേധം നടന്നത്. പ്ലക്കാര്‍ഡുകള്‍ ഏന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്രകടനക്കാര്‍ തങ്ങളുടെ പിന്തുണ അറിയിക്കുകയും രാജ്യത്തെ പരീക്ഷാ - വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും പരിഷ്‌കാരങ്ങളും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. |